കുന്ദമംഗലം: ഉറുദു മുഖ്യഭാഷയായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മര്‍ക്കസ് വിദ്യാര്‍ഥികളുടെ സംഗമം ശ്രദ്ധേയമായി. വിദ്യാര്‍ഥികളെ സാമൂഹിക സേവനത്തിനും സാമുദായിക പുരോഗതിക്കും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സംഗമം മര്‍ക്കസ് ഡയറക്ടര്‍ എ.എ ഹകീം നഹ ഉദ്ഘാടനം ചെയ്തു. സമുദായ ഐക്യത്തിനുവേണ്ടി മര്‍കസ് നടത്തുന്ന ശ്രമങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും സമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിനായി പുതിയ കാലത്തെ വിദ്യാര്‍ഥികള്‍ സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉമര്‍ കാമില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സി.പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി.മുഹമ്മദ് ഫൈസി, ഷൗക്കത്ത് നഈമി അല്‍ബുഖാരി എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. മര്‍കസ് ഉറുദു ഡിപ്പാര്‍ട്‌മെന്റ് തലവന്‍ മൂസ സഖാഫി, ശിഹാബ് സഖാഫി, ഷാഹിദ് സഖാഫി, ഉബൈദ് നൂറാനി, സമീര്‍ ചൗഹാന്‍ ഗുജറാത്ത്, അഡ്വ.റൈഹാന്‍ റാണാ സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.