മയ്യഴിക്ക് മറക്കാനാവില്ല ഗോള്‍മുഖം കാത്ത ഈ പോരാളിയെ

മയ്യഴിക്ക് മറക്കാനാവില്ല ഗോള്‍മുഖം കാത്ത ഈ പോരാളിയെ

ചാലക്കര പുരുഷു

മാഹി: ഉത്തരകേരളത്തിന്റെ ഫുട്ബാള്‍ ചരിത്രത്തില്‍ ഒട്ടേറെ മികച്ച മത്സരങ്ങള്‍ക്ക് വേദിയായ മാഹി പ്ലാസ് ദ് ആംസ് മൈതാനത്തെ ആവേശം കൊള്ളിച്ച ഇ.എന്‍ സുധീറെന്ന ഫുട്‌ബോളറെ ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. കഴിഞ്ഞ ദിവസം ഗോവയില്‍ നിര്യാതനായ മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഗോള്‍കീപ്പര്‍ ഇ.എന്‍ സുധീറിന് മയ്യഴിയിലെ കളിക്കളങ്ങളിലെ ബന്ധം മാത്രമല്ല, ഇവിടെ കുടുംബ ബന്ധങ്ങളുമുണ്ട്. കോഴിക്കോട് സെന്റ് ജോസഫ് സ്‌കൂളിലെ പഠനകാലത്തു തന്നെ മികച്ച കളിക്കാരന്‍ എന്ന ഖ്യാതിയില്‍, അദ്ദേഹം കളിക്കാത്ത മലബാറിലെ മൈതാനങ്ങള്‍ ഇല്ല. മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ കളിക്കാത്ത ഫുട്ബാള്‍ കളിക്കാര്‍ ആരുംതന്നെ കേരളത്തിലില്ലെന്നു പറയാം. മയ്യഴിലെ ചാരോത്ത് ആനന്ദിന്റെ അര്‍ദ്ധ സഹോദരന്‍ കൂടിയായ സുധീറിന്റെ കളിക്കളത്തിലെ മാസ്മരിക പ്രകടനം ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഫുട്ബാള്‍ പ്രേമികള്‍ ഇവിടെ ധാരാളമുണ്ട്.

1966 മാര്‍ച്ച് മാസത്തിലെ ഒരു സായാഹ്നത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിനുവേണ്ടി സുധീര്‍ മയ്യഴി മൈതാനത്ത്ഇറങ്ങി. അന്ന് സുന്ദരമായ ഗോള്‍കീപ്പിങ്ങ് കൊണ്ട് സുധീര്‍ ഏവരുടേയും മനസ്സില്‍ കയറിപറ്റി. സുധീറിന്റെ കളിയുടെ ആരാധകനായ കിഷോറിന് ആ ദിനം സന്തോഷത്തിന്റേതായിരുന്നു. കളി കഴിഞ്ഞു വീട്ടില്‍ എത്തിയ കിഷോറിനെയും കാത്ത് ഒരു ശുഭവാര്‍ത്തയുണ്ടായിരുന്നു. ‘അച്ഛന്റെ സഹോദരി രണ്ടാമത് ആണ്‍കുഞ്ഞിനെ ജന്മം നല്‍കിയരിക്കുന്നു’. മറ്റൊന്നും ആലോചിച്ചില്ല, കിഷോര്‍ കുട്ടിക്ക് പേരിട്ടു ‘സുധീര്‍’. വളര്‍ന്നു വലുതായ സുധീര്‍(കക്കാടന്‍ സുധീര്‍) ഇപ്പോള്‍ മയ്യഴിയിലെ റോയല്‍ ലിക്കേര്‍സില്‍ ജോലി ചെയ്യുകയാണ് . 56 വയസ് പ്രായമുണ്ട്. മികച്ചൊരു നാടക നടന്‍ കൂടിയാണ് അദ്ദേഹം.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാഹിയില്‍ അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിലെ മുഖ്യാതിഥിയായി സുധീര്‍ എത്തിയപ്പോള്‍, ഈ കഥകള്‍ അറിയാവുന്ന മയ്യഴി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രദീപ് കുമാര്‍ രണ്ട് സുധീറിനും തമ്മിലൊരു കൂടിക്കാഴ്ച ഒരുക്കിയിരുന്നു. കുശലാന്വേഷണങ്ങള്‍ പരസ്പരം കൈമാറിയതിലെ ഊഷ്മളത കക്കാടന്‍ സുധീര്‍ വേദനയോടെ സ്മരിക്കുന്നു.

നീണ്ട പ്രവാസത്തിനു ശേഷം വിശ്രമജീവിതം നയിക്കുന്ന ഫുട്‌ബോള്‍ കമ്പക്കാരന്‍ കിഷോറിന്റെ ഓര്‍മ്മകളില്‍ ഇന്നും ഒളിമങ്ങാതെ കിടക്കുന്നുണ്ട് സുധീറിന്റെ മാസ്മരിക പ്രകടനവും പേരു വിളിയുമൊക്കെ . കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി സന്തോഷ് ട്രോഫി യില്‍ ഫുട്ബാള്‍ കളിച്ച സുധീര്‍ എക്‌സലന്റ്, എ.വി.എം, യംഗ് ജെംസ്, യംഗ് ചാലഞ്ചേഴ്‌സ് തുടങ്ങിയ കോഴിക്കോടന്‍ ടീമുകളില്‍ കളിച്ച ശേഷം വാസ്‌കോ ഗോവയുടെ പ്രധാന ഗോളിയായി. ബോംബെ മഹീന്ദ്രക്കു വേണ്ടിയും കളിച്ച സുധീര്‍ ഇന്ത്യാ- റഷ്യാ സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായിരുന്നു.. സന്തോഷ് ട്രോഫി കൂടാതെ നാഗ്ജിയിലും സുധീര്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

1971 ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ സുധീര്‍ നിരവധി മത്സരങ്ങളില്‍ ഇന്ത്യന്‍ വല കാത്തു.27ാമത്തെ വയസ്സില്‍ കളി മതിയാക്കിയ ശേഷം ഖത്തറില്‍ നീണ്ട ഇരുപത് വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍ സുധീര്‍ ഗോവയില്‍ തന്നെ സ്ഥിരതാമസമാക്കി. ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരിക്കുമ്പോള്‍ ഇ.എന്‍ സുധീറിന് 74 വയസ് പ്രായമുണ്ട്.പരേതയായ ലൂര്‍ദ് ആണ് ഭാര്യ. മക്കള്‍: അനൂപ്, ജോന്‍ ക്വില്‍.സുധാകരന്‍ മാസ്റ്റര്‍ ഫുട്ബാള്‍ അക്കാദമിയും ,മാഹി സ്‌പോട്‌സ് ക്ലബ്ബും സുധീറിന്റെ വേര്‍പാടില്‍ അനുശോചിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *