കോഴിക്കോട്: ബഷീറിന്റെ 28ാം ചരമദിനത്തില്‍ രാവിലെ മുതല്‍ വൈലാലില്‍ സന്ദര്‍ശകത്തിരക്കായിരുന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ബഷീര്‍ കഥാപാത്രങ്ങളായി വൈലാലിലെത്തി. ആടുമായി പാത്തുമ്മയും, മജീദും സുഹറയുമൊക്കെയായി കുട്ടികള്‍ അണിനിരന്നപ്പോള്‍ വൈലാലില്‍ ബഷീര്‍ സ്മരണകള്‍ നിറഞ്ഞു. മാങ്കോസ്റ്റീന്റെ ചുവട്ടിലിരുന്ന് കഥകളെഴുതിയ ബഷീറിന്റെ ഓര്‍മ്മകളുറങ്ങുന്ന വീട്ടില്‍ കയറാന്‍ കുരുന്നുകള്‍ മത്സരിച്ചു. തോരാതെ പെയ്ത മഴയിലും കുട്ടികള്‍ വൈലാലിലേക്ക് എത്തിക്കൊണ്ടിരുന്നു. സോജാരാജകുമാരിയൊഴുകിയ ഗ്രാമഫോണും ബഷീറിന്റെ കണ്ണടയും, ചാരുകസേരയുമെല്ലാം കുട്ടികള്‍ കൗതുകത്തോടെ നോക്കി നിന്നു. ബഷീറിനു ലഭിച്ച പുരസ്‌കാരങ്ങളും വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ എഴുത്തുകളുമെല്ലാം വൈലാലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ബഷീര്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച അറിവിന്റെ ആകാശമിഠായി ക്വിസ് മത്സരത്തില്‍ വിവിധ ബി.ആര്‍.സികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരടങ്ങുന്ന 30 ടീമുകള്‍ പങ്കെടുത്തു. ജി.എസ്. പ്രദീപ് ക്വിസ് മാസ്റ്ററായി. ചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ശരണ്യ സായി, പൊയ്ക്കാവ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി എം. ശ്രീശ്രിത എന്നിവര്‍ പങ്കെടുത്ത ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശിവപുരം എസ്.എം.എം.എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി എസ്. യദുകൃഷ്ണയും ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌നേന്ദു രണ്ടാം സ്ഥാനവും നേടി.