ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്ക് എതിരേയുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവനടിയും സര്‍ക്കാരും ഹരജി നല്‍കിയിരുന്നു. അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
വിജയ് ബാബുവിന് എതിരെ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാരും ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 22 നാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പിന്നാലെ നാട്ടിലെത്തിയ വിജയ് ബാബുവിനെ ചോദ്യം ചെയ്ത പോലിസ് ജൂണ്‍ 27ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷമാണ് വിജയ് ബാബു വിദേശത്ത് നിന്ന് മടങ്ങിയെത്തിയതെന്നും പ്രതി നിയമത്തെ വെല്ലുവിളിക്കുകയാണെന്നും പരാതിക്കാരി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ തെളിവുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
ആവശ്യമായി വന്നാല്‍ പ്രതിയെ പോലിസിന് അറസ്റ്റ് ചെയ്യാമെന്നും ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്നു വരെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. കേരളം വിട്ടുപോകാന്‍ പാടില്ല. അതിജീവതയെയും കുടുംബത്തെയുംസമൂഹമാധ്യമങ്ങളില്‍ അപമാനിക്കരുത്, പരാതിക്കാരിയായ നടിയുമായി ഒരുതരത്തിലും ബന്ധപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.