വിവാദമായ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ലക്ഷക്കണക്കിന് ടോറസ് കരിങ്കല്ല് പശ്ചിമഘട്ട മല നിരകളില്‍ നിന്ന് തുരന്ന് എടുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വ്യാപകമായ പ്രതിഷേധവും എതിര്‍പ്പുമാണ് പൊതു സമൂഹത്തില്‍നിന്ന് ഉണ്ടായിട്ടുള്ളത്. പ്രതിഷേധത്തിന്റെയും എതിര്‍പ്പിന്റെയും ആരവം അന്തരീക്ഷത്തില്‍ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദാനി ഗ്രൂപ്പിനെ സഹായിക്കാനുള്ള പുതിയ തീരുമാനവുമായി മോദി-പിണറായി സര്‍ക്കാരുകള്‍ മത്സരിച്ച് മുന്നോട്ട് പോകുന്നത്.കേരള വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം മെയ് 30നാണ് പുതിയ കരിങ്കല്‍ ക്വാറികള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത്. കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവാണ് ഇക്കാര്യം പ്രസ്താവിച്ചത്.
അതീവ പരിസ്ഥിതി ലോലമായ ഈ കൊച്ചു സംസ്ഥാനത്തെ പാരിസ്ഥിതികമായി തകര്‍ക്കുന്ന കോര്‍പറേറ്റ് താല്‍പര്യം മാത്രം മുന്‍ നിര്‍ത്തിയുള്ള നടപടിയാണിത്.നെയ്യാര്‍, പേപ്പാറ വന്യമൃഗ സങ്കേതങ്ങളോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണ് കരിങ്കല്‍ ഖനനം നടത്താനുള്ള പുതിയ തീരുമാനം. 39.78 ലക്ഷം ടണ്‍ കരിങ്കല്ലാണ് ഇപ്പോള്‍ തുരന്ന് എടുക്കാന്‍ പോകുന്നത്. ഇതിലും എത്രയോ ടണ്‍ കരിങ്കല്ലുകള്‍ കൊണ്ടുപോകുമെന്നു സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അറിയാം.
കോര്‍പ്പറേറ്റ് – മൂലധന ശക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി മുന്നോട്ട് പോകുന്ന സര്‍ക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളത്. സമീപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും സമാനതകള്‍ ഏറെയുള്ളവയാണ് ഇരു സര്‍ക്കാറുകളും. പരിസ്ഥിതിയെക്കുറിച്ചും ആഗോള മുതലാളിത്തത്തെക്കുറിച്ചും കോര്‍പ്പറേറ്റ് വെല്ലുവിളികളെക്കുറിച്ചും താത്വിക വിശകലനം നടത്തുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കാപട്യവും ഇരട്ടത്താപ്പും ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുകയാണ്.
കേരളത്തിന്റെ പാരിസ്ഥിതിക വിനാശത്തിന് വഴിമരുന്നിടുന്ന ഒരു തീരുമാനവും നമുക്ക് അംഗീകരിക്കാന്‍ വയ്യ.
കേരളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും വിനാശകരമായ തീരുമാനങ്ങള്‍ അംഗീകരിക്കില്ലന്ന് തുറന്നു പറയണം, ശക്തമായി പ്രതിഷേധിക്കണം. സാമൂഹ്യ സാംസ്‌കാരിക നായകന്മാര്‍ മൗനത്തിന്റെ തടവറയില്‍ നിന്ന് പുറത്ത് വരണം. ജന പ്രതിനിധികള്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ ഹരിത എം.എല്‍.എ.മാരും എം.പി.മാരും അതിന്റെ മുന്‍പന്തിയില്‍ ഉണ്ടാവണം.