സജി ചെറിയാന്റെ വിവാദ പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍

സജി ചെറിയാന്റെ വിവാദ പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരേയുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാമര്‍ശം ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കും. അതിന് ശേഷം രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിനായി മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വിഷയത്തെ ഗൗരവമായാണ് രാജ്ഭവന്‍ കാണുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സജി ചെറിയാന്‍ ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രി രാജിവയ്ക്കണം. അല്ലെങ്കില്‍ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിവാദ പരാമര്‍ശം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.

ഞായറാഴ്ച പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സി.പി.എം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരമാര്‍ശം. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുടചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷേ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് താന്‍ പറയും. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും താന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് താന്‍ പറയുമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *