ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്കെതിരേ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേ കേസ്. ഛത്തീസ്ഗഡ് പോലീസാണ് റാത്തോറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റാത്തോറിനെ കൂടാതെ മറ്റ് നാല് പേര്‍ക്കെതിരേയും സംഭവത്തില്‍ ഛത്തീസ്ഗഡ് പോലിസ് കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
വയനാട് ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്തിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുന്നതിനിടെ പ്രതികളെ രാഹുല്‍ ഗാന്ധി കുട്ടികള്‍ എന്ന് വിളിച്ചിരുന്നു. എന്നാല്‍, രാഹുലിന്റെ പ്രസ്താവന ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികളെ കുറിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാര്‍ത്താ ചാനലായ സീ ന്യൂസ് വാര്‍ത്ത നല്‍കിയത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.
സീ ന്യൂസ് പ്രൈം ടൈം ഷോയില്‍ വെള്ളിയാഴ്ചയായിരുന്നു രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള വ്യാജ വാര്‍ത്ത പ്രചരിച്ചത്. വയനാട്ടിലെ തന്റെ ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഉദയ്പൂര്‍ കൊലപാതകികളെ കുട്ടികള്‍ എന്ന് വിളിച്ചുവെന്നായിരുന്നു സീ ന്യൂസിലെ വാര്‍ത്ത. രോഹിത് രഞ്ജന്‍ ആയിരുന്നു ഷോയുടെ അവതാരകന്‍. പ്രതികളെ കുട്ടികള്‍ എന്ന് വിളിക്കുന്നതിലൂടെ കൊലപാതകം നടന്നതില്‍ രാഹുല്‍ ഗാന്ധിക്ക് യാതൊരു കുഴപ്പവുമില്ലെന്നത് വ്യക്തമാകുന്നുവെന്നും പരിപാടിയില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് അവതാരകന്‍ പറഞ്ഞിരുന്നു.
വിവിധ കേന്ദ്രമന്ത്രിമാരും വീഡിയോ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന ബി.ജെ.പി നേതാവ് രാജ്യവര്‍ധന്‍ റാത്തോര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും വീഡിയോ പങ്കുവെച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വ്യാജ വാര്‍ത്ത് പ്രചരിപ്പിച്ചതിന് ബി.ജെ.പി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സീ ന്യൂസിന്റെ മുംബൈയിലെയും നോയിഡയിലെയും ഓഫിസിന് മുമ്പിലും കോണ്‍ഗ്രസ് ശനിയാഴ്ച പ്രതിഷേധം നടത്തിയിരുന്നു. ചാനലിനെതിരെ പ്രതിഷേധം വ്യാപകമായതോടെ സീ ന്യൂസ് അധികൃതര്‍ ക്ഷമാപണം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെയും അധികൃതര്‍ പുറത്താക്കിയിട്ടുണ്ട്. വിഷയത്തില്‍ ബി.ജെ.പി പ്രതികരിച്ചിട്ടില്ല.