യു.എ.ഇയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അവധി ദിനങ്ങളില്‍ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

യു.എ.ഇയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അവധി ദിനങ്ങളില്‍ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

  • രവി കൊമ്മേരി

യു.എ.ഇ: യു.എ.ഇയില്‍ സ്‌കൂളുകള്‍ക്ക് വേനലവധി തുടങ്ങിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന പുതിയ പദ്ധതിയുമായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. കുട്ടികളുടെ അവധിക്കാലം വെറുതെ കളയേണ്ടതിെല്ലന്നും തൊഴിലും പഠിക്കാം പണവും നേടാമെന്നുള്ള പദ്ധതിയാണിത്. 15 വയസ് തികഞ്ഞ വിദ്യാര്‍ഥികള്‍ക്കു ജോലി ചെയ്ത് തൊഴില്‍ പരിചയം നേടുന്നതിനൊപ്പം പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്ന തീരുമാനമാണിത്. കര്‍ശന നിബന്ധനകളോടെയാണ് കുട്ടികള്‍ക്കു ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
മൂന്നു മാസത്തേക്കുള്ള തൊഴില്‍ കരാറില്‍ മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടാമെന്നും ജോലിയുടെ സ്വഭാവം കരാറില്‍ വ്യക്തമാക്കണമെന്നും വേതനം, വാരാന്ത്യ അവധി, പ്രതിദിന ജോലി സമയം ഇവ വ്യക്തമാക്കണമെന്നുമാണ് നിബന്ധനകള്‍. കര്‍ശന കരാര്‍ വ്യവസ്ഥകളില്‍ വിദ്യാര്‍ഥികളെ തൊഴിലെടുപ്പിക്കാന്‍ പാടുള്ളതല്ല.
കുട്ടികള്‍ക്കുള്ള തൊഴില്‍പരിശീലനങ്ങള്‍ക്കും മന്ത്രാലയം പരിധിനിശ്ചയിച്ചിട്ടുണ്ട്. ഫാക്ടറികളില്‍ രാത്രിസമയത്ത് ജോലി ചെയ്യിക്കരുത്. രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ കുട്ടികള്‍ക്കു തൊഴില്‍ പരിശീലനത്തിന് അനുവദിച്ചിട്ടില്ല. ആറ് മണിക്കൂറാണ് പരമാവധി തൊഴില്‍ സമയം നിശ്ചയിച്ചിട്ടുള്ളത്. ഭക്ഷണം, പ്രാര്‍ഥന തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു മണിക്കൂര്‍ അനുവദിക്കാം.

വിശ്രമം നല്‍കാതെ തുടര്‍ച്ചയായി നാല് മണിക്കൂര്‍ പണിയെടുപ്പിക്കരുതെന്നും നിര്‍ദേശങ്ങളിലുണ്ട്. പരിശീലനസമയം തൊഴില്‍ സമയമായി കണക്കാക്കിയുള്ള വേതനം നല്‍കണം. മൂന്ന് മാസത്തെ ജോലിയോ തൊഴില്‍ പരിശീലനമോ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികള്‍ക്ക് തൊഴില്‍ പരിചയ പരിശീലന സര്‍ട്ടിഫിക്കറ്റ് സ്ഥാപനം നല്‍കണം. ഈ കാലയളവിലെ ഇവരുടെ തൊഴിലും വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *