കോട്ടയ്ക്കല്‍: ഡോക്ടര്‍ പി.കെ വാരിയരുടെ ഓര്‍മ്മദിന പരിപാടികളുടെ ഉദ്ഘാടനം 11ന് വൈകീട്ട് നാലിന് അനശ്വര ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. പി.കെ വാരിയരുടെ സ്മരണയ്ക്കായി ആര്യവൈദ്യശാല ജീവനക്കാര്‍ നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീടുകളുടെ താക്കോല്‍ദാനം ഗവര്‍ണര്‍ നിര്‍വഹിക്കും. ഡോ.പി.കെ വാരിയര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ രൂപീകരണ പ്രഖ്യാപനം മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാരിയര്‍ നിര്‍വഹിക്കും. ഡോ.അബ്ദുസമദ് സമദാനി എം.പി, പ്രൊഫ. കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ എന്നിവര്‍ സംസാരിക്കും. ആര്യവൈദ്യശാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.ജി.സി ഗോപാലപിള്ള ആമുഖ പ്രഭാഷണം നിര്‍വഹിക്കും. ആര്യവൈദ്യശാല ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായി ഡോ.കെ. മുരളീധരന്‍ നന്ദി പ്രകാശിപ്പിക്കും. തുടര്‍ന്ന് പൊതുസമ്മേളനം വൈകീട്ട് 5:15ന് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാരിയര്‍ അധ്യക്ഷത വഹിക്കും. കോട്ടയ്ക്കല്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍, ആദ്ധ്യാത്മികാചാര്യന്‍ എ.കെ.ബി നായര്‍, എ.എം.എം.ഒ.ഐ ജനറല്‍ സെക്രട്ടറി ഡോ. ഡി. രാമനാഥന്‍, എ.എം.എ.ഐ ജനറല്‍ സെക്രട്ടറി ഡോ.കെ.സി അജിത്ത്കുമാര്‍, എ.എച്ച്.എം.എ ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍, ആര്യവൈദ്യശാല ട്രേഡ് യൂണിയന്‍ പ്രതിനിധികളായ രാമചന്ദ്രന്‍ മാന്തൊടി, കെ.മധു, എം.വി രാമചന്ദ്രന്‍, മുരളീധരന്‍ കെ.പി എന്നിവര്‍ പി.കെ വാരിയരെ അനുസ്മരിച്ച് സംസാരിക്കും.
അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍ ഡോ.കെ. ബാലചന്ദ്രന്‍ സ്വാഗതവും ട്രസ്റ്റിയും സീനിയര്‍ മാനേജര്‍(സ്ട്രാറ്റജിക് മാനേജ്‌മെന്റ്) കെ.ആര്‍ അജയ് നന്ദിയും പറയും. 10ന് വൈകീട്ട് മൂന്നിന് നടക്കുന്ന ശാസ്ത്ര സെമിനാര്‍ ഡോ.ഭൂഷണ്‍ പട്‌വര്‍ദ്ധന്‍(ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി, നാഷണല്‍ അസസ്സ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍, നാക്) ഉദ്ഘാടനം ചെയ്യും. ‘അതിറോസ്‌ക്ലിറോസിസ് ആന്‍ഡ് കൊറോണറി ആര്‍ട്ടറി ഡിസീസ്’ എന്ന വിഷയത്തെ അധികരിച്ച് ഡോ.എം വിജയകുമാര്‍ ( പ്രൊഫസര്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി), ‘കൊവിഡ് മഹാമാരിയില്‍നിന്ന് നാം പഠിച്ച പാഠങ്ങള്‍’ എന്ന വിഷയത്തില്‍ ഡോ. തനൂജ നെസരി( ഡയരക്ടര്‍, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, ഡല്‍ഹി), ‘ആയുര്‍വേദ ഗവേഷണ ദര്‍ശനം’ എന്ന വിഷയത്തില്‍ ഡോ. രമ ജയസുന്ദര്‍ (ന്യൂക്ലിയര്‍ മാഗ്നെറ്റിക് റസണന്‍സ്, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഡല്‍ഹി) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ.സി.വി ജയദേവന്‍ (പ്രിന്‍സിപ്പല്‍,വി.പി.എസ്.വി ആയുര്‍വേദ കോളേജ്, കോട്ടയ്ക്കല്‍) പ്രബന്ധങ്ങളിലെ പ്രസക്ത വിവരങ്ങള്‍ ക്രോഡീകരിച്ച് സംസാരിക്കും. വൈദ്യരത്‌നം പി.എസ് വാരിയരുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‘ആയുര്‍വേദ ദ എക്‌സപാന്‍ഡിങ് ഫ്രോന്റയേഴ്‌സ്,എന്ന പുസ്തകത്തിന്റേയും ‘ആര്യവൈദ്യന്‍ ത്രൈമാസികം-ഡോ.പി.കെ വാരിയര്‍ അനുസ്മരണ പതിപ്പി’ന്റേയും പ്രകാശനവും ഇതോടൊപ്പം നടക്കും. ഡോ.പി.എം വാരിയര്‍ സ്വാഗതവും ഡോ.പി.ആര്‍ രമേഷ്(ചീഫ് ക്ലിനിക്കല്‍ റിസര്‍ച്ച്) നന്ദിയും രേഖപ്പെടുത്തും.