കോഴിക്കോട്: മലബാര്‍ കേന്ദ്രീകരിച്ച് കോഴിക്കോട് ഒരു സമഗ്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് അനുവദിക്കണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേന്ദ്ര യൂത്ത് അഫയേഴ്സ്, സ്‌പോര്‍ട്‌സ്, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ്‌സിങ് ഠാക്കൂറിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിവേദനം മലബാര്‍ ചേംബര്‍ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് മന്ത്രിക്ക് നേരില്‍ കൈമാറി. കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലുള്ള അധികസ്ഥലം ഉപയോഗപ്പെടുത്തി മലബാറിലെ വളര്‍ന്നുവരുന്ന സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ആവശ്യമായ പരിശീലനം നല്‍കാന്‍ താല്‍പര്യമെടുക്കണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പി.ടി ഉഷ, ടിന്റു ലുക്കാ തുടങ്ങിയവരെപോലെയുള്ള അന്താരാഷ്ട്ര തലത്തിലുള്ള സ്പ്രിന്റ് താരങ്ങളെയും ഒളിംപ്യന്‍ അബ്ദുറഹിമാനെയും പോലുള്ളവരെ സൃഷ്ടിച്ച മലബാറിന് ഇത്തരം പരിശീലനകേന്ദ്രം വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് അത്യാവശ്യമാണെന്നും നിവേദക സംഘം മന്ത്രിയെ ധരിപ്പിച്ചു. ചേംബര്‍ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് എം. നിത്യാനന്ദ് കാമത്ത്, ഹോ. സെക്രട്ടറി എം.എ മെഹബൂബ്, ജോ. സെക്രട്ടറി നയന്‍ ജെ.ഷാ, പ്രവര്‍ത്തക സമിതി അംഗങ്ങളായ കെ. അരുണ്‍ കുമാര്‍, ടി. ഗോപകുമാര്‍, രാജീവ് മോഹന്‍ദാസ്, മാനേജര്‍ സന്ധ്യ നായര്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.