രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം; ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ പോയ ശേഷം: പോലിസ് റിപ്പോര്‍ട്ട്

രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം; ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ പോയ ശേഷം: പോലിസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസ് അടിച്ചുതകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ സംഭവസ്ഥലത്ത് നിന്നു പോയ ശേഷമെന്ന് പോലിസ് റിപ്പോര്‍ട്ട് പുറത്ത്. എം.പി ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകരല്ല. എസ്.എഫ്.ഐക്കാര്‍ പോയതിന് ശേഷമാണ് ചിത്രം തകര്‍ത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലിസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും പരിഗണിച്ച് എ.ഡി.ജി.പി മനോജ് എബ്രഹാം ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.

കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അക്രമം നടക്കുമ്പോള്‍ മഹാത്മഗാന്ധിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് ചില മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ എടുക്കുമ്പോഴും ചുമരിലുണ്ടായിരുന്നു. പിന്നീടാണ് ചിത്രം താഴെ കാണപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ സാധൂകരിക്കുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് പോലിസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഗാന്ധി ചിത്രം ആദ്യം നിലത്ത് വീണ് കമിഴ്ന്ന നിലയിലായിരുന്നു, കസേരയില്‍ വാഴവച്ച ശേഷവും ചുമരില്‍ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അക്രമം തടയുന്നതില്‍ പോലിസിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി എ.ഡി.ജി.പിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവദിവസം 12.30ന് രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് മാര്‍ച്ചുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, 200 ലധികം പ്രവര്‍ത്തകരെത്തിയപ്പോള്‍ തടയാനുണ്ടായിരുന്നത് കല്‍പ്പറ്റ ഡിവൈ.എസ്.പിയും 25 പോലിസുകാരും മാത്രമാണ്. എസ്.എച്ച്.ഒ അവധിയിലായിരുന്നു. വാഴയുമായി അകത്തു കയറാനുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നീക്കം അറിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. സംഭവത്തില്‍ സസ്പെന്‍ഷനിലായ കല്‍പ്പറ്റ ഡിവൈ.എസ്.പിക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *