മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിന് ഇന്ന് വിശ്വാസ വോട്ടെടുപ്പ്. പതിനൊന്ന് മണിക്ക് പ്രത്യേകസഭ സമ്മേളനം ചേര്‍ന്നാണ് വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ സഭയില്‍ ഭൂരിപക്ഷം അനായാസം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും ശിവസേനാ വിമതരും. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 164 പേരുടെ ഇന്നലെ ബി.ജെ.പി- ശിവസേനാ വിമത സഖ്യത്തിന് ലഭിച്ചിരുന്നു.
പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ നര്‍വേക്കറാണ് ഇന്നത്തെ സഭാ നടപടികള്‍ നിയന്ത്രിക്കുക. 164 വോട്ടുകളോടെയാണ് നര്‍വേക്കര്‍ പുതിയ സ്പീക്കറായത്. മഹാവികാസ് അഘാഡിയുടെ സ്ഥാനാര്‍ത്ഥിയായി ശിവസേന എം.എല്‍.എ രാജന്‍ സാല്‍വിയാണ് മത്സരിച്ചത്. ഇദ്ദേഹത്തിന് 107 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തിയത്.
അതേസമയം ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ വീഴുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് ശരദ് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഉടന്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ എന്‍.സി.പി നിയമസഭാംഗങ്ങളെയും പാര്‍ട്ടിയുടെ മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പവാര്‍. വ്യാഴാഴ്ചയാണ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു.