കോഴിക്കോട്: ബേപ്പൂര്‍ തുറമുഖ വികസനത്തിനു മാത്രമായി 15 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ബേപ്പൂര്‍ തുറമുഖവുമായി ബന്ധപ്പെട്ട് നടത്തിയ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തുറമുഖത്തെ നാഷണല്‍ ഹൈവേയുമായി ബന്ധപ്പെടുത്തുന്ന പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വലിയ കപ്പലുകള്‍ അടുക്കാന്‍ കൂടുതല്‍ ബെര്‍ത്തും കപ്പല്‍ ചാലിന്റെ ആഴംകൂട്ടുന്ന പ്രവര്‍ത്തിയുടെയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ബേപ്പൂരിനെ സംസ്ഥാനത്തെ മികച്ച ഒരു തുറമുഖമാക്കി മാറ്റുന്നതിനുവേണ്ടി കാലിക്കറ്റ് ചേംബര്‍ അടക്കമുള്ളവരുടെ സജീവമായ പിന്തുണ സര്‍ക്കാരിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങില്‍ ചേംബര്‍ പ്രസിഡന്റ് റാഫി.പി ദേവസ്സി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മന്ത്രിക്ക് സ്വീകരണവും നല്‍കി. കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ശിവശങ്കരന്‍ പിള്ള, സി.ഇ.ഒ ടി.പി സലീം കുമാര്‍, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപ് , ഡോ.കെ മൊയ്തു എന്നിവര്‍ സംസാരിച്ചു. ടി.സി അഹമ്മദ് ബേപ്പൂര്‍ തുറമുഖ വികസന മെമ്മോറാണ്ടം മന്ത്രിക്ക് സമര്‍പ്പിച്ചു. സെക്രട്ടറി എ.പി അബ്ദുല്ലക്കുട്ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.