കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തത പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരെ കേസെടുത്ത് നിശബ്ദമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് മലബാര്‍ എഡ്യുക്കേഷന്‍ മൂവ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ലസ്‌വണ്‍ ബാച്ചുകളുടെ കുറവ് മലബാറില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മലബാര്‍ എഡ്യുക്കേഷന്‍ മൂവ്‌മെന്റ് സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലേയും സീറ്റുകളുടേയും പത്താംക്ലാസ് പാസായവരുടേയും പട്ടിക പുറത്തുവിട്ടത്.
ഈ വിഷയത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബര്‍ പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ വെബ്‌സൈറ്റിലെ പട്ടികകളില്‍നിന്ന് ആര്‍ക്കും ലഭ്യമാകുന്ന കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് എങ്ങനെയാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് വ്യക്തമാകുന്നില്ലായെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അക്ഷയ്കുമാര്‍.ഒ, വൈസ് ചെയര്‍മാന്‍ പ്രൊഫ. അബ്ദുള്‍ നാസര്‍, കോ-ഓര്‍ഡിനേറ്റര്‍ കദീജ തസ്‌നീം പങ്കെടുത്തു.