പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്കുതല ആരോഗ്യമേള ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി സ്മാരക ഹാളില്‍നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു. അലോപ്പതി, ആയുര്‍വേദം, ഹോമിയോ മേഖലകളിലായി 1200 രോഗികള്‍ക്ക് പരിശോധന നടത്തി മരുന്നുകള്‍ നല്‍കി. കാന്‍സറും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഡോ.വി.നാരായണന്‍കുട്ടി വാര്യരും ഡോ. സി.കെ വിനോദും ക്ലാസെടുത്തു.
വിമുക്തിയുമായി ബന്ധപ്പെട്ട് റിട്ട. എക്‌സൈസ് ഓഫീസര്‍ കെ.സി കരുണാകരനും സംസാരിച്ചു. എക്‌സൈസ്, അഗ്‌നിരക്ഷാ സേന, സി.ഡി.എസ് എന്നിവയുടെ സ്റ്റാളുകള്‍, കാരുണ്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കിയോസ്‌ക്, കൊവിഡ് വാക്‌സിനേഷന്‍ സൗകര്യം, രക്തനിര്‍ണയ ക്യാമ്പ് തുടങ്ങിയവയും മേളയുടെ ഭാഗമായിരുന്നു.
പരിപാടിയോടനുബന്ധിച്ച് അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടിയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ബാഡ്മിന്റണ്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും സംഘടിപ്പിച്ചിരുന്നു.
ആരോഗ്യമേളയുടെ വിളംബര ജാഥയോടനുബന്ധിച്ച് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.സി.സി വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലിയും സി.കെ.ജി ഗവ. കോളേജ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ മേള സംബന്ധിച്ച് എന്‍.എച്ച്.എം മാനേജര്‍ ഡോ. എ. നവീനും ആര്‍ദ്രം മിഷ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.കെ ഷാജിയും സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ്, സി.കെ ശശി, ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡന്റ് വി.പി പ്രവിത, ജില്ലാ പാഞ്ചായത്തംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതവും ആരോഗ്യ വിഭാഗം സൂപ്പര്‍വൈസര്‍ പി.വി മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.