കോഴിക്കോട്: നിലമ്പൂരിലെ പീവീസ് പബ്ലിക് സ്‌കൂളും സൗദി അറേബ്യയിലെ ബെസ്റ്റ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സും ചേര്‍ന്ന് ഇന്ത്യയിലേയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദ്വിദിന മോഡല്‍ യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫെറന്‍സ് സംഘടിപ്പിക്കും. റിസര്‍ച്, ഡോക്യുമെന്റ് ഡ്രാഫ്റ്റിങ്, ലോബിയിങ്, ഡിബേറ്റ് തുടങ്ങി ആധുനിക ലോകം ആവശ്യപ്പെടുന്ന കഴിവുകള്‍ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പീവീസ് ഗ്രൂപ്പ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (MUN) സംഘടിപ്പിക്കുന്നത്. 2011 മുതല്‍ പത്തു വര്‍ഷങ്ങളായി സൗദി അറേബ്യയില്‍ വിജയകരമായി MUN നടത്തിവരുന്നുണ്ട്. ബെസ്റ്റ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും തങ്ങളുടെ സമപ്രായക്കാരായ കുട്ടികളോട് കൂടിച്ചേര്‍ന്ന് ഇടപഴകാനും ആഗോള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് അവരുടേതായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ആശയവിനിമയം, കൂട്ടായ പ്രവര്‍ത്തനം, വിമര്‍ശനാത്മക ചിന്ത, സര്‍ഗാത്മക ചിന്ത തുടങ്ങിയ 21ാം നൂറ്റാണ്ടില്‍ ആവശ്യമായ നൈപുണികള്‍ വളര്‍ത്തിയെടുത്ത് ആഗോള പൗരന്‍മാരായി മാറ്റുക എന്നതാണ് മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വാര്‍ഷിക അവധി സമയത്തും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലാണ് നിലമ്പൂരിലെ പീവീസ് പബ്ലിക് സ്‌കൂള്‍ ക്യാമ്പസില്‍ മോഡല്‍ യൂണൈറ്റഡ് നേഷന്‍സ് കോണ്‍ഫെറന്‍സ് ക്രമീകരിച്ചിരിക്കുന്നത്.
നയതന്ത്ര പാടവം, നേതൃശേഷി, ചര്‍ച്ച നൈപുണി തുടങ്ങിയവയില്‍ പ്രത്യേകം പ്രാവീണ്യം നേടാന്‍ സജ്ജമാകുന്ന രീതിയിലാണ് MUN ലെ സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ യു.എന്‍ ജനറല്‍ അസംബ്ലി, യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍, യൂണിസെഫ് തുടങ്ങി മൂന്നു കമ്മിറ്റികളില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കും.
ജൈവ വൈവിധ്യം: വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും, രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ എങ്ങനെ ഇല്ലാതാക്കാം, അഞ്ചാം വ്യാവസായിക വിപ്ലവത്തിന് എങ്ങനെ വിദ്യാര്‍ഥികളെ സജ്ജമാക്കാം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ സഹരാജ്യ പ്രതിനിധികളുമായി ചര്‍ച്ചകളും സംവാദങ്ങളും നടത്തി നിലപാടുകള്‍ രൂപപ്പെടുത്തുന്ന രീതിയിലാണ് MUN സംഘാടനം. കേരളത്തില്‍ ഈ തരത്തിലുള്ള ആദ്യത്തെ മോഡല്‍ യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫെറന്‍സ് ആണ് തങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പീവീസ് പബ്ലിക് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹാരിസ് മടപ്പള്ളി, പ്രിന്‍സിപ്പല്‍ ശ്രീദേവി മേനോന്‍, മോഡല്‍ യുണൈറ്റഡ് നേഷന്‍സ് കണ്‍വീനര്‍ വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.