പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കരുത്: കെ.യു.ഡബ്ല്യു.ജെ

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കരുത്: കെ.യു.ഡബ്ല്യു.ജെ

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയിലെ വര്‍ധന ഏകപക്ഷീയമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ വാര്‍ഷിക ജനറല്‍ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബജറ്റ് പ്രഖ്യാപനം അട്ടിമറിച്ച തീരുമാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിലയ്ക്കു നിര്‍ത്താനും കര്‍ക്കശ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാവണം. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയുടെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച 1000 രൂപയുടെ പെന്‍ഷന്‍ വര്‍ധന ഇതുവരെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. നിയമസഭ പാസാക്കിയ ബജറ്റില്‍ പറയുന്ന 1000 രൂപയുടെ വര്‍ധനയില്‍ 500 രൂപ മാത്രം അനുവദിച്ച് ഇപ്പോള്‍ തീരുമാനം വന്നിരിക്കുകയാണ്. ആശ്രിത പെന്‍ഷന്‍ പകുതിയാക്കുമെന്ന ബജറ്റ് പ്രഖ്യാപനവും അട്ടിമറിച്ചു.
കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മാധ്യമസ്ഥാപനങ്ങളില്‍ കരാര്‍ നിയമനം സാര്‍വത്രികമായതോടെ നല്ലൊരു ശതമാനം പത്രപ്രവര്‍ത്തകരും പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താണ്. മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ കരാര്‍ ജീവനക്കാരെ കൂടി പത്രപ്രവര്‍ത്തകപെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കെ.പി റെജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ് രാകേഷ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഇ.പി മുഹമ്മദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജോ.സെക്രട്ടറി പി.കെ സജിത്ത് സ്വാഗതം പറഞ്ഞു. സി.വി ഗോപാലകൃഷ്ണന്‍, സന്തോഷ് വാസുദേവ് എന്നിവര്‍ സംഘടനാ പ്രമേയവും എ.വി ഫര്‍ദീസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.എം നൗഷാദലി, വി. അബ്ദുല്‍മജീദ്, സി. വിനോദ് ചന്ദ്രന്‍, എം. സുധീന്ദ്രകുമാര്‍, കെ.സി റിയാസ്, വി.കെ സുരേഷ്, കെ.പി സജീവന്‍, ദീപക് ധര്‍മടം, പി.വി അരവിന്ദാക്ഷന്‍, നിസാര്‍ കൂമണ്ണ, എ.കെ ശ്യാംജിത്ത്, എം.ടി വിധുരാജ്, സുധീപ് തെക്കെപ്പാട്ട്, കെ.എ സൈഫുദ്ദീന്‍, കെ.കെ ഷിദ, സബീല്‍ ബക്കര്‍, ഹാരിസ് മടവൂര്‍, ടി. ഷിനോദ്കുമാര്‍, ശശികുമാര്‍ കാവാലം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എം. ഫിറോസ്ഖാന്‍ (പ്രസിഡന്റ്) പി.എസ് രാകേഷ് (സെക്രട്ടറി) പി.വി നജീബ് (ട്രഷറര്‍) എന്നിവരടങ്ങിയ പുതിയ കമ്മിറ്റി ചുമതലയേറ്റു.

Share

Leave a Reply

Your email address will not be published. Required fields are marked *