കോഴിക്കോട്: ജാതി മനുഷ്യരെയും ഇടങ്ങളെയും എങ്ങനെയെല്ലാമാണ് ക്രമീകരിക്കുന്നതും വേര്‍തിരിക്കുന്നതുമെന്നും പറയുന്ന ഡോക്യുമെന്ററി ‘കാസ്റ്റിങ് സ്‌പെയ്‌സ്’ പുറത്തിറങ്ങി. കോഴിക്കോട് വിദ്യാര്‍ത്ഥി ഭവനം ഹാളില്‍വച്ച് നടന്ന റിലീസിങ് പ്രോഗ്രാമില്‍ ആദി തമിഴര്‍ വിടുതലൈ കച്ചി പ്രസിഡന്റ് ജി. ജക്കൈയ്യന്‍, ദലിത് എഴുത്തുകാരി സതി അങ്കമാലി, ചിന്തകനും എഴുത്തുകാരനുമായ ഡോ. സാദിഖ് പി.കെ, റഈസ് മുഹമ്മദ്, അഡ്വ. ഹാഷിര്‍ കെ. മുഹമ്മദ്, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സ്വലാഹുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്ത് ഫാഷിസം അരങ്ങുവാഴുമ്പോള്‍ അപരവല്‍കരിക്കപ്പെട്ട ജനങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് ജക്കൈയ്യന്‍ പറഞ്ഞു.
ചക്ലിയ സമുദായത്തില്‍ നിന്ന് വളര്‍ന്നുവന്ന് ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയ ഡോ. റഈസ് മുഹമ്മദിന്റെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിച്ചത് ബാസില്‍ ഇസ്‌ലാമും തൗഫീഖും ചേര്‍ന്നാണ്. കാംപസ് അലൈവ് വെബ് മാഗസിനാണ് നിര്‍മാണം. ജാതി ബോധം കീഴാള ശരീരങ്ങളെ അകറ്റി നിര്‍ത്തുന്നതിന്റെ കാരണങ്ങളെയും അതില്‍ നിന്നുള്ള വിമോചനത്തെയും കുറിച്ച് പറയുന്ന ഡോക്യുമെന്ററി യൂട്യൂബില്‍ ലഭ്യമാണ്.