കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകലില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ ഒഡിഷക്കും സമീപത്തുള്ള, തെക്കന്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാളിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും ജൂലൈ 4,5,6 തിയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.