എ.കെ.ജി സെന്റര്‍ ആക്രമണം; അടിയന്തര പ്രമേയത്തിന് അനുമതി

എ.കെ.ജി സെന്റര്‍ ആക്രമണം; അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി. സഭ നിര്‍ത്തിവെച്ച് രണ്ട് മണിക്കൂര്‍ നേരമാണ് വിഷയം ചര്‍ച്ച ചെയ്യുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച. എ.കെ.ജി സെന്റര്‍ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബോംബേറ് രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പോലിസ് നടപടിയെടുക്കാത്ത കാര്യം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലെ രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ നല്‍കിയ അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം, ആക്രമണം നടന്ന് നാലാം ദിവസമാകുമ്പോഴും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എ.ഡി.ജി.പിയും കമ്മീഷണറും നാല് ഡിവൈ.എസ്.പിമാരും അടക്കം 17 പേരടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്‌കൂട്ടറിലെ യാത്രക്കാരനല്ല പ്രതിയെന്ന് പോലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സ്‌കൂട്ടറില്‍ പോയത് നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണെന്ന് തിരിച്ചറിഞ്ഞുവെന്നും പോലിസ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *