കടല്‍ക്ഷോഭം ശക്തം; തലശ്ശേരിയില്‍ തീരദേശത്തുള്ളവര്‍ ആശങ്കയില്‍

കടല്‍ക്ഷോഭം ശക്തം; തലശ്ശേരിയില്‍ തീരദേശത്തുള്ളവര്‍ ആശങ്കയില്‍

  • ചാലക്കര പുരുഷു

തലശ്ശേരി: കാലവര്‍ഷം കനത്തതോടെ കടല്‍ക്ഷോഭം വീണ്ടും രൂക്ഷമായി. തലശ്ശേരി, ന്യൂ മാഹി പ്രദേശങ്ങളില്‍ മാക്കൂട്ടം മുതല്‍ ലിമിറ്റ് വരെയുള്ള ഭാഗത്താണ് കടല്‍ക്ഷോഭം രൂക്ഷമായി അനുഭവപ്പെടുന്നത്. കടല്‍ക്ഷോഭത്തില്‍ മാക്കൂട്ടം ലിമിറ്റിലെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ തീരദേശത്തുള്ളവര്‍ ആശങ്കയിലാണ്. കടല്‍ക്ഷോഭം തടയുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് തീരദേശവാസികള്‍ ആരോപിച്ചു. കടല്‍ക്ഷോഭമുണ്ടായപ്പോഴൊക്കെയും അധികൃതര്‍ സന്ദര്‍ശനം നടത്തുകയെന്നല്ലാതെ കടലേറ്റം തടയാന്‍ ശാശ്വതമായനടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് തീരദേശവാസികള്‍ പറയുന്നു

ശക്തമായ കടലേറ്റത്തില്‍ പ്രസ് വളപ്പില്‍ കെ. വി. ബാവയുടെയും,പള്ളിപ്പറമ്പത്ത് ബീബാത്തുവിന്റെയും വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതേ തുടര്‍ന്ന് തീരദേശത്തെ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഭയത്തോടെയാണ് വീട്ടിനകത്ത് കഴിയുന്നത്. കടല്‍ഭിത്തി അശാസ്ത്രീയമായ രീതിയില്‍ നിര്‍മിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ തങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു. പുലിമുട്ടുകള്‍ പണിതാല്‍ മാത്രമേ ശാശ്വതമായി കടല്‍ക്ഷോഭം തടയാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രദേശവാസികള്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *