കടലുണ്ടി: കുടുംബശ്രീ സി.ഡി.എസിന്റെ നാനോ മാര്‍ക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിനു കീഴിലുള്ള സംരംഭക യൂണിറ്റുകളുടെ ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഗുണമേന്മയുള്ള ഉല്‍പന്നങ്ങളുടെ വിപണനവും ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവില്‍ നാല്‍പ്പത്തഞ്ചോളം യൂണിറ്റുകളുള്ളതില്‍ ആറു യൂണിറ്റുകളുടെ ഉല്‍പന്നങ്ങളാണ് മാര്‍ക്കറ്റില്‍ ഇറക്കിയത്. ജില്ലാ മിഷന്റെ ഫണ്ടുപയോഗിച്ചു സ്ഥാപിക്കുന്ന ഷെല്‍ഫുകള്‍ ജനകീയ ഹോട്ടലുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്ഥാപിക്കും.
വിലയുടെ ഇരുപത് ശതമാനം ഷെല്‍ഫുകള്‍ സ്ഥാപിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുക. പലഹാരങ്ങള്‍, അച്ചാറുകള്‍, വിവിധതരം മസാലകള്‍ തുടങ്ങി വ്യത്യസ്ത ഉല്‍പന്നങ്ങള്‍ നാനോ മാര്‍ക്കറ്റില്‍ ലഭ്യമാക്കും. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുരളി മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രവീണ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു പച്ചാട്ട്, എം.ഇ.സി ഷീബ, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ജിനു തുടങ്ങിയവര്‍ പങ്കെടുത്തു.