തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുണ്ടെന്ന് പോലിസ്. ബോംബെറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി കണ്ടെത്തി. ആക്രമി ചുവന്ന സ്‌കൂട്ടറിലാണ് എത്തിയതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറയുന്നു. ആക്രമിക്ക് സ്ഫോടക വസ്തു കൈമാറിയത് മറ്റൊരാളാണ്. വഴിയില്‍ വച്ചാണ് സ്ഫോടകവസ്തു കൈമാറിയതെന്നാണ് നിഗമനം. പ്രതി ആദ്യം സ്ഥലം സന്ദര്‍ശിച്ച് മടങ്ങുകയും പിന്നീട് വീണ്ടുമെത്തി സ്ഫോടകവസ്തു എറിയുകയുമായിരുന്നുവെന്നും പോലിസ് പറഞ്ഞു.
അതേസമയം സംഭവത്തില്‍ പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. എ.കെ.ജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഒരാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്തിയൂര്‍ക്കോണം സ്വദേശിയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്ന് കഴക്കൂട്ടം പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
സി.പി.എം സംസ്ഥാന സമിതി ഓഫിസായ എ.കെ.ജി സെന്ററിന് നേരെ കല്ലെറിയും. ഒരു ജനല്‍ച്ചില്ലെങ്കിലും പൊട്ടിക്കുമെന്നുമായിരുന്നു അന്തിയൂര്‍ക്കോണം സ്വദേശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒറ്റയ്ക്കായിരിക്കും കല്ലെറിയുകയെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. ആറുദിവസം മുമ്പാണ് ഇയാള്‍ പോസ്റ്റിട്ടത്. സംഭവത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഡി.സി.പി.എ നസീമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്്. സൈബര്‍ സെല്‍ എ.സി, കന്റോണ്‍മെന്റ് സി.ഐ അടക്കം 12 പേര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം.