കോഴിക്കോട്: കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാവരും വാക്‌സിനെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്‌സിനെടുക്കാത്തവരില്‍ കൊവിഡ് രോഗം ഗുരുതരമാകാനും മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. രണ്ടാം ഡോസ് എടുക്കാന്‍ ബാക്കിയുള്ളവര്‍ ഉടന്‍ തന്നെ രണ്ടാം ഡോസ് വാക്‌സിനെടുത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കണം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ഡോസെടുത്ത് ഒന്‍പത് മാസം കഴിഞ്ഞിട്ടുണ്ടെങ്കില്‍ മൂന്നാം ഡോസ് കരുതല്‍ ഡോസായി എടുക്കാം.
കുടുംബത്തിലെ 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ഇത്തരത്തില്‍ കരുതല്‍ ഡോസ് കൂടി നല്‍കി സുരക്ഷിതരാക്കാന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 12 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളെയും വാക്‌സിന്‍ എടുപ്പിച്ച് സുരക്ഷിതരാക്കാന്‍ ഓരോ രക്ഷിതാവും ശ്രദ്ധിക്കേണ്ടതാണ്. എല്ലാ തിങ്കളാഴ്ചകളിലും കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കാം. വെള്ളിയാഴ്ചകളില്‍ കോവാക്‌സിനും ശനിയാഴ്ചകളില്‍ 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോര്‍ബെവാക്‌സ് വാക്‌സിനും ലഭിക്കുന്നതാണ്.
സര്‍ക്കാര്‍ ജനറല്‍ ആശുപത്രി കോഴിക്കോട് ബീച്ച്, ജില്ലാ ആശുപത്രി വടകര, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ബുധന്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്‌സിന്‍ ലഭ്യമായിരിക്കും. പൊതുജനങ്ങള്‍ ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.