ഉദയ്പൂര്‍ കൊലപാതകികള്‍ക്ക് ബി.ജെ.പി ബന്ധം; തെളിവുകള്‍ പുറത്ത്

ഉദയ്പൂര്‍ കൊലപാതകികള്‍ക്ക് ബി.ജെ.പി ബന്ധം; തെളിവുകള്‍ പുറത്ത്

ഉദയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍കടക്കാരനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികള്‍ക്ക് ബി.ജെ.പി ബന്ധമെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൊലപാതകത്തില്‍ പ്രതികളിലൊരാളായ റിയാസ് അട്ടാരിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇന്ത്യാ ടുഡേയാണ് പുറത്തുവിട്ടത്. കൊലപാതകം നടത്തുന്നതിന് വളരെ മുന്‍പ് തന്നെ ഇരുവരും ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പവാചക നിന്ദയ്ക്കുള്ള ശിക്ഷയാണെന്നാണ് കനയ്യലാലിനെ കൊലപ്പെടുത്തിക്കൊണ്ട് ചിത്രീകരിച്ച വീഡിയോയില്‍ പ്രതികള്‍ പറയുന്നത്.

പ്രതികളിലൊരാളായ റിയാസ് അട്ടാരിയെ രാജസ്ഥാനിലെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച അംഗമായ ഇര്‍ഷാദ് ചെയ്ന്‍വാല സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. പ്രാദേശിക ബി.ജെ.പി യൂണിറ്റുമായുള്ള ചെയിന്‍വാലയുടെ ബന്ധം ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്നും ഉദയ്പൂരിലെ ബി.ജെ.പിയുടെ പരിപാടികളില്‍ റിയാസ് പങ്കെടുക്കാറുണ്ടെന്ന് ചെയ്ന്‍വാല സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാലപാതകത്തില്‍ പ്രതിയായ റിയാസ് അട്ടാരിയുമായുള്ള ചിത്രം തന്റേതാണെന്ന് ചെയ്ന്‍വാല സമ്മതിക്കുന്നുണ്ട്.

റിയാസ് പലപ്പോഴും ബി.ജെ.പിയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. പ്രത്യേകിച്ച് ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് കടാരിയയുടെ പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു റിയാസ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് പലപ്പോഴും റിയാസ് വ്യക്തമാക്കിയിട്ടുണ്ടെന്നും സ്വയം സന്നദ്ധനായി എത്തുകയായിരുന്നു ഇയാളെന്നും ചെയ്ന്‍വാല പറഞ്ഞു. മുഹമ്മദ് താഹിര്‍ എന്ന ബി.ജെ.പി പ്രവര്‍ത്തകനിലൂടെയാണ് റിയാസ് ബി.ജെ.പിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും താഹിര്‍ ആണ് റിയാസിനെ ബി.ജെ.പിയിലേക്ക് എത്തിച്ചതെന്നും ചെയ്ന്‍വാല സമ്മതിക്കുന്നുണ്ട്. ഇവരുടെ ബി.ജെ.പി ബന്ധം പുറത്തായതോടെ പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *