ഉദയ്പൂര്‍ കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണം; സമൂഹമാധ്യമങ്ങള്‍ക്ക് നോട്ടീസയച്ച് കേന്ദ്രം

ഉദയ്പൂര്‍ കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണം; സമൂഹമാധ്യമങ്ങള്‍ക്ക് നോട്ടീസയച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഉദയ്പൂര്‍ കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐ.ടി മന്ത്രാലയം. രാജ്യത്തെ സമാധാനവും ഐക്യവും വീണ്ടെടുക്കാന്‍ വേണ്ടിയാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപതകത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഒപ്പം കൊലപാതകത്തെ സാധൂകരിക്കുന്ന പോസ്റ്റുകളും പ്രചരിക്കുന്നുണ്ടെന്നും ഇവ പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു മന്ത്രാലയം വിവിധ സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്.

സമൂഹത്തിന്റെ ഇടനിലക്കാരെന്ന നിലയ്ക്ക് സമൂഹമാധ്യമങ്ങള്‍ ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങള്‍ മുന്നോട്ടുവെക്കുന്ന സുരക്ഷ, വിശ്വാസ്യത എന്നിവയുടെ ഭാഗമായി, ഉദയ്പൂര്‍ കൊലപാതകത്തെ സാധൂകരിക്കുന്ന എല്ലാ ഉള്ളടക്കവും (മെസേജ്, ഓഡിയോ, വീഡിയോ, ഫോട്ടോ) ഉടനടി നീക്കം ചെയ്യാന്‍മന്ത്രാലയം ആവശ്യപ്പെടുന്നു. കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുകയോ മഹത്വവല്‍ക്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങള്‍ രാജ്യത്തിന്റെ ക്രമസമാധാനത്തെ ബാധിക്കുന്നുണ്ട്. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി ഇത്തരം ഉള്ളടക്കങ്ങള്‍ വേഗം നീക്കം ചെയ്യാന്‍ ശ്രമിക്കണം,” മന്ത്രാലയം സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് സമുദായങ്ങളില്‍ നിന്നുള്ള പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പരമ്പരയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *