ഇംഫാലിലെ മണ്ണിടിച്ചില്‍: മരണം 81ആയി, 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഇംഫാലിലെ മണ്ണിടിച്ചില്‍: മരണം 81ആയി, 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാംപിന് സമീപത്തുണ്ടായ മണ്ണിടിച്ചിലില്‍ മരണം 81 ആയെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. ഇനിയും 55ഓളം ആളുകളെ കണ്ടെത്താനുണ്ട്. 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 18 പേരെ രക്ഷിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മോശം കാലാവസ്ഥയും ഇടവിട്ടുള്ള മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനിന്റെ ഇംഫാല്‍- ജിറിബാം നിര്‍മാണ മേഖലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്. നിര്‍മാണ മേഖലക്ക് സുരക്ഷ ഒരുക്കുന്നതിനായി നിര്‍മിച്ചിരുന്ന സൈനിക ക്യാംപിന് മുകളിലേക്ക് മലയിടിഞ്ഞു വീഴുകയായിരുന്നു. റെയില്‍വേ തൊഴിലാളികളും ടെറിറ്റോറിയല്‍ ആര്‍മി 107ാം ബറ്റാലിയനിലെ സൈനികരും നാട്ടുകാരുമാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 20 പേര്‍ മരിച്ചെന്നായിരുന്നു ഇന്നലെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികര്‍

രക്ഷപ്പെടുത്തിയവരെ സൈന്യത്തിന്റെ മെഡിക്കല്‍ യൂണിറ്റില്‍ എത്തിച്ച് ചികിത്സ നല്‍കുന്നുണ്ട്. ആസാം റൈഫിള്‍സ്, എന്‍.ഡി.ആര്‍.എഫ്, മണിപ്പൂര്‍ പോലിസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയില്‍ മഴക്കെടുതികള്‍ രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ശക്തമായ മഴയില്‍ റോഡുകള്‍ അടക്കം ഒലിച്ചുപോയി. ഡല്‍ഹിയില്‍ കാലവര്‍ഷം എത്തിയെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *