സഹകരണമന്ത്രിയുടെ പ്രത്യേക പുരസ്കാരം വീണ്ടും ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്)ക്ക്. അന്താരാഷ്ട്ര സഹകരണദിനത്തോട് അനുബന്ധിച്ചാണു പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്‍ഡസ്ട്രീസ് ആന്‍ഡ് യൂട്ടിലിറ്റീസ് വിഭാഗത്തില്‍ ലോകത്തെ രണ്ടാമത്തെ സഹകരണസംഘമായി യു.എല്‍.സി.സി.എസിനെ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സി(ICA)ന്റെ വേള്‍ഡ് കോപ്പറേറ്റീവ് മോണിറ്റര്‍ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും തെരഞ്ഞെടുത്തതുകൂടി പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്. ഇതിലൂടെ യു.എല്‍.സി.സി.എസ് വീണ്ടും അന്താരാഷ്ട്രപ്രശസ്തി നേടിയിരിക്കുകയാണെന്ന് പുരസ്ക്കാരം പ്രഖ്യാപിച്ചുകൊണ്ട് സഹകരണമന്ത്രി വി.എന്‍ വാസവന് പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ വാഗ്ഭടാനന്ദഗുരുവിന്റെ നേതൃത്വത്തില്‍ മലബാറില്‍ അരങ്ങേറിയ ശക്തമായ സാമൂഹിക നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി ജന്മംകൊണ്ടതാണ് സൊസൈറ്റി. ‘ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം’ എന്ന പേരില്‍ 1925ല്‍ ആരംഭിച്ച സൊസൈറ്റി ഇന്ന് 97 വര്‍ഷം പിന്നിട്ട് ശതാബ്ദിയഘോഷിക്കാന് ഒരുങ്ങുകയാണ്. എന്‍ജിനീയര്‍മാരും സാങ്കേതികവിദഗ്ധരും നിര്‍മാണത്തൊഴിലാളികളും ഉള്‍പ്പെടെ 18,000 പേര്‍ക്കു തൊഴില്‍ നല്കുന്ന മഹാസ്ഥാപനമായി വളര്‍ന്നിരിക്കുന്ന സൊസൈറ്റി തൊഴിലാളികള്‍ക്കു നല്കുന്ന ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളുംകൊണ്ടും രാജ്യത്തിനു മാതൃകയാണ്.
ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സില്‍ അംഗത്വം ലഭിച്ച ഏക പ്രാഥമിക സഹകരണസംഘമാണ് യു.എല്‍.സി.സി.എസ്. മാതൃകാ സഹകരണസംഘമായി യു.എന്‍.ഡി.പി സൊസൈറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിക്കുള്ള ദേശീയപുരസ്ക്കാരങ്ങളും എന്‍.സി.യു.ഐയുടെയും നാഷണല്‍ ലേബര്‍ കോപ്പറേറ്റീവ് ഫെഡറേഷന്റെയും പുരസ്കാരങ്ങളും ഇന്ദിര ഗാന്ധി സദ്ഭാവന പുരസ്കാരവും അടക്കം ആഗോളവും ദേശിയവുമായ പല അംഗീകാരങ്ങളും നേടിയിട്ടുള്ള സംഘം രാജ്യത്തെ സഹകരണ നവരത്നങ്ങളില്‍ ഒന്നാണ്.
അഴിമതിക്കു പേരുകേട്ടിരുന്ന പൊതുമരാമത്തുരംഗത്ത് അഴിമതിരഹിതമായും സമയബന്ധിതമായും ഉന്നതഗുണമേന്മയോടെയും നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ പുതിയ മാതൃക സൃഷ്ടിച്ച യു.എല്‍.സി.സി.എസിന് ഈ അംഗീകാരങ്ങള്‍ക്കൊപ്പം മികച്ച ജനസമ്മതിയും നേടാനായി. കേരളത്തിന്റെ അഭിമാനപദ്ധതികളായ ദേശീയപാത ആറുവരിയാക്കല്‍, ഏഷ്യയില്‍ ഏറ്റവും നീളമുള്ള കോണ്‍ക്രീറ്റ് ബോ സ്റ്റ്രിങ് പാലമായ വലിയഴീക്കല്‍ പാലം, ലോകമാകെ മാതൃക എന്നു വാഴ്ത്തിയ പൊതുവിടമായ വാഗ്ഭടാനന്ദ പാര്‍ക്ക്, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാലങ്ങളില്‍ ഒന്നാകാന്‍ പോകുന്ന പെരുമ്പളം പാലം, സെമി-എലിവേറ്റഡ് ഹൈവേ ആയ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, ഡിജിറ്റല്‍ ഹബ്ബ്, ലൈഫ് സയന്‍സ് പാര്‍ക്ക് എന്നിങ്ങനെ പലതും യാഥാര്‍ഥ്യമാക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയാണ്.
മറ്റു മേഖലകളിലുള്ളവര്‍ക്കും സാങ്കേതികവിദ്യാഭ്യാസം നേടിയവര്‍ക്കും തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തില്‍ സൊസൈറ്റി നടത്തിയ വൈവിദ്ധ്യവല്‍ക്കരണവും ആഗോളമാതൃകയാണ്. സൊസൈറ്റി സ്ഥാപിച്ച സഹകരണ മേഖലയിലെ ആദ്യത്തെ ഐ.ടി പാര്‍ക്കായ യു.എല്‍ സൈബര്‍ പാര്‍ക്ക്, അവിടെ സൊസൈറ്റിതന്നെ ആരംഭിച്ച യു.എല്‍ ടെക്നോളജി സൊല്യൂഷന്‍സ് എന്ന ഐ.റ്റി സ്ഥാപനവും വളര്‍ച്ചയുടെ പാതയില്‍ മുന്നേറുകയാണ് കോഴിക്കോടിന്റെ തന്നെ സമഗ്രവികസനത്തിന് ആക്കംകൂട്ടുന്ന യു.എല്‍ സൈബര്‍ പാര്‍ക്കിലേക്ക് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ ഒന്നായ ടാറ്റ എലെക്സി വന്നിരിക്കുന്നു. മലബാറിലേക്ക് വരുന്ന ഏറ്റവും വലിയ ഡിജിറ്റല്‍-ഐ.ടി സ്ഥാപനമാണിത്.
വടകരയ്ക്കടുത്ത ഇരിങ്ങലിലുള്ള സര്‍ഗ്ഗാലയ, തിരുവനന്തപുരത്ത് കോവളത്തു പ്രവര്‍ത്തിക്കുന്ന കേരള എന്നീ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജുകള്‍, കൊല്ലം ചവറയിലുള്ള ഐ.ഐ.ഐസി തുടങ്ങിയവ സംസ്ഥാനസര്‍ക്കാരിനുവേണ്ടി സൊസൈറ്റി നിര്‍മ്മിച്ചു നടത്തുന്ന സ്ഥാപനങ്ങളാണ്. നൈപുണ്യവികസനരംഗത്ത് സെന്റര്‍ ഓഫ് എക്സലന്‍സ്, നിര്‍മ്മാണങ്ങളുടെയും സാമഗ്രികളുടെയും ഗുണമേന്മ പരിശോധിക്കുന്ന മാറ്റര്‍ ലാബ്, കോഴിക്കോട്ടെ പാര്‍പ്പിടരംഗത്തു ശ്രദ്ധേയമാകുന്ന യു.എല്‍ ഹൗസിങ് തുടങ്ങിയ സ്ഥാപനങ്ങളും ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി നടത്തുന്ന വി.ആര്. നായനാര്‍ ബാലികാസദനം, വയോജനങ്ങള്‍ക്കുള്ള മടിത്തട്ട് തുടങ്ങിയ സാമൂഹികസേവനസ്ഥാപനങ്ങളും ഉള്‍പ്പെടെ പലമേഖലയിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണു യു.എല്‍.സി.സി.എസ്.