ന്യൂഡല്‍ഹി: പ്രവാചകനിന്ദ സംഭവത്തില്‍ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി. നൂപുറിന്റെ പ്രസ്താവന രാജ്യത്തെമ്പാടും ആക്രമണസംഭവങ്ങള്‍ അരങ്ങേറാന്‍ കാരണമായി. ഉദയ്പൂര്‍ കൊലപാതകം പോലും നൂപുറിന്റെ പ്രസ്താവന കാരണമാണ്. അതിനാല്‍ രാജ്യത്തോട് മാപ്പ് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു.
പാര്‍ട്ടി വക്താവ് എന്നത് എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സല്ല. നൂപുറിന്റെ പ്രകോപനപരമായ ചര്‍ച്ച ഞങ്ങള്‍ കണ്ടു. നൂപുര്‍ പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറഞ്ഞതും ലജ്ജാകരമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
തനിക്കെതിരേയുള്ള എല്ലാ എഫ്.ഐ.ആറുകളും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മയുടെ ഹരജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു നൂപുര്‍ ശര്‍മയുടെ ഹരജി. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പല സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നും കേസുകള്‍ ഒന്നിച്ച് ഡല്‍ഹി പോലിസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് നൂപുര്‍ ശര്‍മ ആവശ്യപ്പെടുന്നത്. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നൂപുര്‍ ശര്‍മ ഹരജി പിന്‍വലിച്ചു. ഹരജി പരിഗണിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.