സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ദം: വിവിധയിടങ്ങളില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞു; രണ്ടുപേരെ കാണാതായി

സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ദം: വിവിധയിടങ്ങളില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞു; രണ്ടുപേരെ കാണാതായി

കോഴിക്കോട്: സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ദം. പലയിടങ്ങളിലും വള്ളം മറിഞ്ഞ് അപകടമുണ്ടായി. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും ആണ് വള്ളം മറിഞ്ഞത്. ചാലിയത്തും അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചാലിയം സ്വദേശി അലി അസ്‌കറിനെയാണ് കോഴിക്കോട് വള്ളം മറിഞ്ഞ് കാണാതായത്.

ചാലിയത്ത് അപകടത്തില്‍പെട്ടത് കാണാതായ ആള്‍ ഉള്‍പ്പെടെ ആറുപേര്‍ ആയിരുന്നു. ഇവരില്‍ അഞ്ചുപേരെ രക്ഷപ്പെടുത്തിയത് ഒരു വിദേശ കപ്പല്‍ ആണ്. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ചു. ഇവര്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മലയാളികളായ രണ്ട് പേരും ബംഗാള്‍ സ്വദേശികളായ രണ്ടുപേരുമാണ് കൊച്ചി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ചാലിയത്തു നിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ ദൂരെയായിരുന്നു അപകടം. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.

കൊല്ലം അഴീക്കലില്‍ മറിഞ്ഞ ബോട്ടില്‍ 36 പേരുണ്ടായിരുന്നു. ശ്രീമുത്തപ്പനെന്ന ബോട്ടാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്. ഇതില്‍ ഒരാളെ കാണാതാകുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പറയകടവ് സ്വദേശി ബിച്ചുവിനെയാണ് കാണാതായത്.

ആലപ്പുഴയിലും കടലില്‍ വള്ളം മുങ്ങി. തൊഴിലാളികളെ എല്ലാം രക്ഷപ്പെടുത്തി. വലിയഴീക്കല്‍ തുറമുഖത്തിന് സമീപം ആണ് അപകടം. തൊഴിലാളികളുടെ വല നഷ്ടപ്പെട്ടു. മുന്നറിയിപ്പ് അവഗണിച്ചാണ് തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *