മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിശ്വാസവോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ ഉദ്ധവ് താക്കറെ രാജിവച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി. മന്ത്രിസഭാ രൂപീകരണത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയുമായി നടത്തിക്കഴിഞ്ഞു. ബി.ജെ.പി നേതൃയോഗം ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയില്‍ ചേരും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിമത എം.എല്‍.എമാരുടെ പിന്തുണ കത്ത് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നവിസ് അടുത്ത ദിവസം സത്യപ്രതിജ്ഞ ചെയേതേക്കുമെന്നാണ് സൂചന. ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായേക്കും. മഹാവികാസ് അഘാഡിയായി പ്രതിപക്ഷത്തിരിക്കാനാണ് ഉദ്ധവ് സഖ്യം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം വിമത എംഎല്‍എമാര്‍ ഇന്നലെ രാത്രിയോടെ ഗോവയിലെത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇവരുമായി കൂടിക്കാഴ്ച്ച നടത്തി. സത്യപ്രതിജ്ഞാ ദിവസം മുംബൈയിലെത്തിയാല്‍ മതിയെന്നാണ് ശിവസേന വിമതര്‍ക്ക് ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഭരണം നിലിനിര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഉദ്ധവ് താക്കറെ രാജിവച്ചത്. വിശ്വാസ വോട്ടിന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറാകാതെ അദ്ദേഹം രാജിവക്കുകയായിരുന്നു.
ഇന്നലെ രാത്രി തന്റെ വസതിയായ മാതോശ്രീയില്‍ നടത്തിയ ഫെയ്സ്ബുക്ക് ലൈവിലാണ് ഉദ്ധവ് താക്കറേ രാജി പ്രഖ്യാപിച്ചത്. ശേഷം ഉദ്ധവ് താക്കറെ രാത്രി രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറി. കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കള്‍ക്കൊപ്പമാണ് ഉദ്ധവ് ഗവര്‍ണറെ കാണാന്‍ എത്തിയത്. നിരവധി ശിവസേന പ്രവര്‍ത്തകരും രാജ്ഭവനിലേക്കുള്ള യാത്രയില്‍ ഉദ്ധവിനെ അനുഗമിച്ചു.