ബഷീര്‍ ഫെസ്റ്റ് ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ

ബഷീര്‍ ഫെസ്റ്റ് ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മള്‍ ബേപ്പൂരിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ രണ്ടിന് ആരംഭിക്കുന്ന ബഷീര്‍ ഫെസ്റ്റ് മുന്‍ കേരള സാംസ്‌കാരിക വകുപ്പു മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ചു ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിപുലമായ പരിപാടികളാണ് ആവിഷ്‌കരിക്കുന്നത്.

കുട്ടികളുടെ ക്വിസ് മത്സരം, ചിത്രരചനാമത്സരം, ഫുഡ് ഫെസ്റ്റിവല്‍, ഗസല്‍ രാവ്, മ്യൂസിക്കല്‍ നെറ്റ്, മാജിക് ഷോ, നാടകം, സാഹിത്യ ക്യാമ്പ്, ഖവാലി, പൂതപ്പാട്ട്, സെമിനാറുകള്‍, ചലച്ചിത്രോത്സവം തുടങ്ങി ഒട്ടേറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്ത് മാങ്കോസ്റ്റിന്‍ മരത്തിനു കീഴില്‍ ഒത്തു ചേരലുകള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബഷീര്‍ കഥാപാത്രങ്ങളായി ഇവിടം സന്ദര്‍ശിക്കാനും അവസരമൊരുക്കും.

 

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക നിര്‍മാണോദ്ഘാടനം ജൂലൈ മൂന്നിന്

 

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ സാംസ്‌കാരിക പൈതൃകം പേറുന്ന ബേപ്പൂരിന്റെ മണ്ണില്‍ അദ്ദേഹത്തിനായി വിപുലമായ സ്മാരകം ഒരുങ്ങുന്നു. സ്മാരകത്തിന്റെ നിര്‍മാണോദ്ഘാടനം ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിന് ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്   നിര്‍വ്വഹിക്കും. മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 7.37 കോടി രൂപ മുതല്‍ മുടക്കില്‍ (ഒന്നാം ഘട്ടം) ബേപ്പൂരിലെ ബി.സി റോഡില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള ഭൂമിയിലാണ് നിര്‍മിക്കുന്നത്. അക്ഷരത്തോട്ടം, കമ്മ്യൂണിറ്റി ഹാള്‍, കുട്ടികളുടെ കളിസ്ഥലം, വാക് വേ, ഫുഡ് സ്റ്റാളുകള്‍ തുടങ്ങി അനേകം പ്രത്യേകതകളോടെയാണ് ബഷീര്‍ സ്മാരകം ഒരുങ്ങുക. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും.

Share

Leave a Reply

Your email address will not be published. Required fields are marked *