പേരാമ്പ്ര: മേഖലയുടെ ഗതാഗത വികസനത്തില്‍ നാഴികകല്ലാവുന്ന പേരാമ്പ്ര ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. ഗതാഗക്കുരുക്കിനാല്‍ ബുദ്ധിമുട്ടുന്ന പേരാമ്പ്രക്കാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ സഫലമാവുക. പേരാമ്പ്രയുള്‍പ്പെടുന്ന കിഴക്കന്‍ മലയോര മേഖലയുടെ വികസന കുതിപ്പില്‍ ബൈപ്പാസ് പ്രധാന പങ്ക് വഹിക്കും. പേരാമ്പ്ര-കുറ്റ്യാടി റോഡില്‍ കക്കാട് പള്ളി മുതല്‍ എല്‍.ഐ.സി ഓഫീസ് വരെയുള്ള 2.78 കിലോമീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി ആധുനിക രീതിയില്‍ ഇരട്ടവരിയായാണ് ബൈപാസ് റോഡ് നിര്‍മ്മിക്കുന്നത്. ഏഴ് മീറ്ററാണ് ടാറിംഗ് വീതി. ബാക്കിഭാഗം കാല്‍നടയാത്രാ സൗകര്യം ഒരുക്കുന്നതിനും ഓവുചാല്‍ സംവിധാനത്തിനും വേണ്ടിയുള്ളതാണ്.
ഓവുചാല്‍, ഓവുപാലം എന്നിവയുള്‍പ്പെടെ ബൈപാസ് റോഡിന്റെ 60 ശതമാനം പണി പൂര്‍ത്തിയായി. ഡി.ബി.എം. ആന്‍ഡ് ബി.സി നിലവാരത്തിലുള്ള റോഡാണ് നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയാവാനുണ്ട്. മഴ കഴിയുന്നതോടെ ടാറിംഗ് പ്രവൃത്തി ആരംഭിക്കും. അവശേഷിക്കുന്ന ഭാഗത്ത് റോഡുയര്‍ത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കി ഡിസംബറോടെ കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറാനാണ് ലക്ഷ്യം.
കിഫ്ബി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥലമേറ്റെടുക്കുന്നതിനും റോഡ് നിര്‍മ്മാണത്തിനുമായി 47.65 കോടിയാണ് കിഫ്ബി അനുവദിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം ഏറ്റെടുത്തത്.