റവന്യൂ ജീവനക്കാരുടെ കലോത്സവം: വട്ടപ്പാട്ടില്‍ കോഴിക്കോട് ടീമിന് ഒന്നാം സ്ഥാനം

കോഴിക്കോട്: തൃശൂരില്‍ നടന്ന റവന്യൂ ജീവനക്കാരുടെ സംസ്ഥാന കലോത്സവത്തില്‍ വട്ടപ്പാട്ട് മത്സരത്തില്‍ കോഴിക്കോട് കലക്ട്രേറ്റ് ടീമിന് ഒന്നാം സ്ഥാനം. വി.വി. പ്രഭാഷ്, പി.പി. രജിലേഷ്, കെ.എസ്. അനിത്ത്, സി.കെ. ജിജു, വി. വിപിന്‍, ഹനസ്, ജില്‍സുരാജ്, പി.സി. ഷിജീഷ്, സി.കെ. ജിതേഷ്, കെ. ദീപക് എന്നിവരടങ്ങുന്ന സംഘമാണ് വിജയിച്ചത്. വട്ടപ്പാട്ട് കാലാകാരന്‍ നാസര്‍ കാവിലായിരുന്നു പരിശീലകന്‍.

പങ്കെടുത്ത മിക്കയിനങ്ങളിലും കോഴിക്കോട് കലക്ട്രേറ്റിലെ ജീവനക്കാര്‍ സമ്മാനം നേടി. ഷിജി, മശൂത, ടെസ്സി ജാനറ്റ്, സഫ്രീന, മുഷ്മില, അമൃത, ഷെറീന, ബ്ലെസി, ഹസീന, റോഷ്ന തുടങ്ങിയവര്‍ അണിനിരന്ന ഒപ്പനയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ഒപ്പന കലാകാരന്‍ ഉമ്മര്‍ മാഷും ദുരന്തനിവാരണ സെല്ലിലെ എന്‍.സി.ആര്‍.എം.പി കോ-ഓഡിനേറ്റര്‍ റംഷിനയുമാണ് പരിശീലകര്‍.നാടോടി നൃത്തത്തിലും (ഗ്രൂപ്പ്) ജില്ലയിലെ ടീം രണ്ടാം സ്ഥാനത്തെത്തി.

ഓട്ടന്‍ തുള്ളലില്‍ ദിലീപും, മാപ്പിളപ്പാട്ടില്‍ ബ്ലെസി പി. അഗസ്റ്റിനും, ലളിതഗാനത്തില്‍ വി. അഖിലയും രണ്ടാം സ്ഥാനം നേടി. ഭരതനാട്യത്തില്‍ ദിവ്യശ്രീ, തബലയില്‍ വി. ജിജിത്ത്, പെയിന്റിങില്‍ എം.എം. വിജിന എന്നിവര്‍ മൂന്നാം സ്ഥാനത്തിനര്‍ഹരായി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിതകുമാരി കോഴിക്കോട് ജില്ലാ ടീമിനെ നയിച്ചു. 39 മത്സരയിനങ്ങളാണ് സംസ്ഥാന കലോത്സവത്തില്‍ ഉണ്ടായിരുന്നത്. ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. തൃശൂര്‍ ജില്ല ഓവറോള്‍ കിരീടം നേടി. കണ്ണൂര്‍, കോട്ടയം ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *