കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോട് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തുടക്കമിട്ട ‘പുതുലഹരിക്ക് ഒരു വോട്ട്’ തരംഗമാകുന്നു. സിവില്‍ സ്റ്റേഷനില്‍ നടത്തിയ വോട്ടെടുപ്പില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ‘യാത്ര’ ഒന്നാം സ്ഥാനത്തെത്തി. സബ് കലക്ടര്‍ വി. ചെല്‍സാസിനി ആദ്യ വോട്ട് രേഖപ്പെടുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ സമഗ്ര ബോധവല്‍ക്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആവിഷ്‌കരിച്ച ‘പുതുലഹരിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ വികസന കമ്മീഷ്ണര്‍ അനുപം മിശ്ര, ഡെപ്യൂട്ടി കലക്ടര്‍ കെ. അനിത കുമാരി, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ വോട്ടെടുപ്പിന്റെ ഭാഗമായി. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ബാലറ്റ് ഓണ്‍ വീല്‍സ് ദീപശിഖാ വാഹനം ഇന്ന് ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി, മൂടാടി, തിക്കോടി, പയ്യോളി എന്നിവിടങ്ങളില്‍ പ്രയാണം നടത്തും. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി സമിതികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ലഹരി അവബോധ സെഷനുകളും വോട്ടെടുപ്പും ഡോക്യുമെന്ററി പ്രദര്‍ശനവും സന്ദേശരേഖാ വിതരണവും നടത്തും.