കോഴിക്കോട്: പത്രപ്രവര്‍ത്തനരംഗത്തും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലും 50 വര്‍ഷം പിന്നിട്ട ഡോ.എം.പി പത്മനാഭനെ ആദരിച്ചു. മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഹനിക്കപ്പെടുകയാണ്.
ജനാധിപത്യത്തിന്റെ ജീവവായുവാണ് അഭിപ്രായ സ്വാതന്ത്ര്യം. ഫാസിസത്തിന്റെ ഇടപെടല്‍ കേരളത്തിലും ഉണ്ടായി തുടങ്ങിയെന്നതിന്റെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയും മാതൃഭൂമി ബേപ്പൂര്‍ ലേഖകനുമാണ് ഡോ.എം.പി പത്മനാഭന്‍. ആതിഥേയ സംഘം ചെയര്‍മാന്‍ പി.വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കമാല്‍ വരദൂര്‍, എ. സജീവന്‍, അഡ്വ.എം. രാജന്‍, എം.പി ജനാര്‍ദനന്‍, ആതിഥേയ സംഘം വര്‍ക്കിങ് ചെയര്‍മാന്‍ എം.കെ ബീരാന്‍, ജനറല്‍ കണ്‍വീനര്‍ എം.പി രാമകൃഷ്ണന്‍, കണ്‍വീനര്‍ കെ. പത്മകുമാര്‍ പ്രസംഗിച്ചു. ഡോ.എം.പി പത്മനാഭന്‍ മറുപടി പ്രസംഗം നടത്തി.