മുന്‍ മന്ത്രി ടി.ശിവദാസമേനോന്‍ അന്തരിച്ചു

മുന്‍ മന്ത്രി ടി.ശിവദാസമേനോന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി. ശിവദാസ മേനോന്‍ (90) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ നിയമസഭാംഗവും രണ്ടുതവണ മന്ത്രിയുമായിരുന്നു.

1987ലും 1996ലും നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായി. മൂന്നാം ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു. 2001ല്‍ ചീഫ് വിപ്പുമായിരുന്നു.

പിയേഴ്‌സ്‌ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരന്‍കുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോന്‍ ജനിച്ചത്. മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മീദേവി, കല്യാണി. മരുമക്കള്‍: അഡ്വ. ശ്രീധരന്‍, സി.കെ കരുണാകരന്‍. സഹോദരന്‍: പരേതനായ കുമാരമേനോന്‍. ഏറെ നാളായി മഞ്ചേരിയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം.

Share

Leave a Reply

Your email address will not be published. Required fields are marked *