അടിയന്തരപ്രമേയം പരിഗണിച്ചില്ല
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ നടപടികള്‍ റദ്ദാക്കി സഭ പിരിഞ്ഞു. ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍ എന്നീ നടപടികള്‍ റദ്ദാക്കിയതിന് ഒപ്പം ടി. സിദ്ദീഖ് എം.എല്‍.എ നല്‍കിയ അടിയന്തരപ്രമേയവും പരിഗണിച്ചില്ല. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് സഭ താല്‍ക്കാലികമായി പിരിഞ്ഞിരുന്നു. ശേഷം സഭ പുനഃരാരംഭിച്ചപ്പോഴും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്നതിനെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫിസ് വിശദീകരിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിന് ഉണ്ടായ ആശയക്കുഴപ്പമാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെയും മന്ത്രിമാരുടെയും ഓഫിസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോകാമെന്നും സ്പീക്കറുടെ പ്രസ് സെക്രട്ടറി അറിയിച്ചു. രാവിലെ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഉണ്ടായിരുന്നത്. മീഡിയ റൂമിലേക്ക് മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിയിരുന്നത്.
സഭയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് നല്‍കിയില്ല. പിആര്‍ഡി നല്‍കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമപ്രവര്‍ക്ക് ലഭിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഒരു ദൃശ്യവും സഭ ടിവിയില്‍ നല്‍കിയില്ല. ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് നല്‍കിയത്.