- കറുത്ത വേഷത്തിലെത്തി പ്രതിപക്ഷ എം.എല്‍.എമാര്‍
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം നിയമസഭാ സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ചോദ്യേത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ എം.ബി രാജേഷ് ആവശ്യപ്പെട്ടിട്ടും പ്രതിഷേധം തുടര്‍ന്നതിനാലാണ് സഭാ നടപടികള്‍ നിര്‍ത്തിവച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളും ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അഞ്ചു മിനുറ്റ് മാത്രമാണ് സഭ നടന്നത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കര്‍ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. അതേസമയം നിയമസഭയില്‍ കറുത്ത വേഷത്തിലെത്തി പ്രതിപക്ഷ എം.എല്‍.എമാര്‍. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ ജോസഫ് എന്നിവരാണ് കറുത്ത ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടികളില്‍ കറുത്ത മാസ്‌കിനും വസ്ത്രത്തിനുമുണ്ടായ വിലക്കേര്‍പ്പെടുത്തിയിരുന്നെന്ന വാര്‍ത്തകള്‍ വിവാദമായിരുന്നു.