കോഴിക്കോട്: ഗാന്ധിയന്‍ ആശയങ്ങളുടെ വാക്കും മൂലയും മാത്രമല്ല ആ ആശയങ്ങളുടെ ആഴവും പരപ്പും വിലയിരുത്തുകയാണ് ഇന്നിന്റെ ആവശ്യമെന്ന് പ്രമുഖ ഗാന്ധിയന്‍ ഡോ. ആര്‍സു അഭിപ്രായപ്പെട്ടു. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല ചെയര്‍ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചും കേരള മദ്യ നിരോധന സമിതി യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ദിശ-2022 ഏകദിന പഠന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരതന്ത്ര ഭാരതത്തെ സ്വതന്ത്ര ഭാരതമാക്കാന്‍ അന്നത്തെ ദേശാഭിമാനികള്‍ക്ക് കഴിഞ്ഞു. ഇനി ആ സ്വാതന്ത്രത്തിന്റെ കാവലാളാകുകയാണ് യുവതലമുറയുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയെന്ന വ്യക്തിത്വത്തെ വെടിവച്ചാണ് കൊലെപ്പടുത്തിയത്. പുതിയ കാലത്താകട്ടെ അദ്ദേഹത്തിന്റെ ചിന്തയിലേക്കും വെടിവയ്ക്കുകയാണ്. ഇതില്‍ വിദ്യാര്‍ത്ഥികള്‍ അകപ്പെട്ടതില്‍ ആശങ്കയുണ്ടന്നും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ഗാന്ധി ചിത്രം നശിപ്പിച്ചതിനെതിരേ അപലപിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
കേരള മദ്യനിരോധന യുവജന സമിതി ജനറല്‍ സെക്രട്ടറി ഫിലിപ്പ് ചോല അധ്യക്ഷത വഹിച്ചു. കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.എം രവീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. മാതൃഭൂമി മുന്‍ പത്രാധിപര്‍ ടി. ബാലകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. പ്രൊഫ. ഒ.ജെ ചിന്നമ്മ, കെ. വേദ വ്യാസന്‍, പൊന്നാറത്ത് അംശുലാല്‍ എന്നിവര്‍ ക്ലാസെടുത്തു. ഡോ. എം.കെ പ്രീത, വി.പി ശ്രീധരന്‍ മാസ്റ്റര്‍, സിസ്റ്റര്‍ മൗറില്ല, ടി.കെ.എ അസീസ്, രാജീവന്‍ ചൈത്രം, എം.എസ് രാജീവന്‍, കെ. ചന്ദ്രന്‍, സി.കെ ജയരാജന്‍ പ്രസംഗിച്ചു. നഗരത്തിലെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.