കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ എസ്.എഫ്.എ.സി യുടെയും കോഴിക്കോട് ആത്മയുടെയും കൃഷി വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആരംഭിക്കുന്ന കാര്‍ഷിക ഉല്‍പ്പാദന കമ്പനിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട അവലോകനയോഗം
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ബ്ലോക്ക്പ്രസിഡന്റ് ബാബു കുളത്തൂരിന്റെ അധ്യക്ഷതയില്‍ നടന്നു. ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി (എഫ്.പി.ഒ) രൂപീകരിച്ച് അതുവഴി ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആക്കിയും അല്ലാതെയും ഇന്ത്യയ്ക്ക് അകത്തും പുറത്തും വിപണനം ചെയ്യാന്‍ എസ്.എഫ്.എ.സി സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ഏണസ്റ്റ് ആന്‍ഡ് യങ് എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ഏറ്റവും മികച്ച മാര്‍ക്കറ്റിംഗ് സംവിധാനത്തിലൂടെ നൂറോളം രാജ്യങ്ങളില്‍ വിപണനം നടത്താന്‍ എസ്.എഫ്.എ.സി വഴി സാധിക്കും.
കമ്പനി രൂപീകരണം മുതല്‍ വിപണി വരെയുള്ള എല്ലാ കാര്‍ഷിക വിപണന പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികവും സാങ്കേതികവുമായ സഹായം എസ്.എഫ്.എസ്.സി നല്‍കുന്നുണ്ട്. ഇതിനായി 60 ലക്ഷം രൂപ ഓരോ എഫ്.പി.ഒകള്‍ക്കും ഘട്ടംഘട്ടമായി നല്‍കുന്നു. കേരളത്തില്‍ കാര്‍ഷിക സംരംഭക ഇക്കോസിസ്റ്റം വളര്‍ത്തിയെടുക്കുക, കാര്‍ഷിക മേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മൂല്യവര്‍ദ്ധന സംരംഭങ്ങള്‍ക്കുള്ള പ്രോത്സാഹന പദ്ധതിയിലൂടെ കാര്‍ഷിക ഉത്പന്നങ്ങളുടെ ശാസ്ത്രീയ പരിപാലനവും ആധുനിക സാങ്കേതിക വിദ്യകളില്‍ ഊന്നിയ മൂല്യ വര്‍ദ്ധനവും കര്‍ഷകനും സംരംഭകനും അധിക വരുമാനവും സാധ്യമാക്കുക, കേരളത്തെ ഒരു ഫുഡ് പ്രോസസിംഗ് ഹബ്ബായി ഉയര്‍ത്തുകയും നവ സംരംഭകര്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് പ്രോജക്ട് വഴി വേണ്ടുന്ന എല്ലാ സാമ്പത്തിക സാങ്കേതിക സഹായങ്ങളും നല്‍കി കാര്‍ഷിക ഉല്‍പാദന വിപണന മേഖല മെച്ചപ്പെടുത്തുക എന്നിവയാണ് എസ്.എഫ്.എ.സി ലക്ഷ്യമിടുന്നത്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍വച്ച് നടന്ന അവലോകന യോഗത്തില്‍ കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ ലേഖ സ്വാഗതം പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കുളത്തൂര്‍ അധ്യക്ഷത വഹിച്ചു. ചെറുകിട കര്‍ഷക-കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യം പ്രോജക്ട് ഡയറക്ടര്‍ എസ്.രാജേഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പ്രോജക്ട് ലീഡര്‍ സലിന്‍ തപസി ക്ലാസ് എടുത്തു. കോഴിക്കോട് ആത്മ പ്രോജക്ട് ഡയറക്ടര്‍ പി.ആര്‍ രമാദേവി എഫ്.പി.ഒ രൂപീകരണം, പ്രവര്‍ത്തനരീതി എന്നീ കാര്യങ്ങളെ കുറിച്ച് വിശദീകരണം നടത്തി. ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനി പ്രോജക്ട് മാനേജര്‍ ഡോ.സിബി വര്‍ഗീസ് സംശയ നിവാരണം. നടത്തി. പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റ് കണ്‍സള്‍ട്ടന്റുമാരായ ആഷിഷ് കുമാര്‍, വിഷ്ണു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാര്‍, കൃഷി ഉദ്യോഗസ്ഥര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനി ജില്ലാ കോഡിനേറ്റര്‍ എം.അരുള്‍ നന്ദി പറഞ്ഞു.