കോഴിക്കോട്: ആവിക്കല്‍ തോടിന് സമീപത്തെ മലിനജല പ്ലാന്റിന്റെ പണി ഇന്ന് തുടങ്ങാന്‍ നീക്കം. പ്രതിഷേധവുമായി നാട്ടുകാര്‍ പ്രദേശത്തെത്തിയിട്ടുണ്ട്. വന്‍ പോലിസ് സന്നാഹമാണ് സ്ഥലത്തുള്ളത്. പണി തുടങ്ങാനായി രാവിലെ അധികൃതര്‍ സ്ഥലത്തെത്തി. നാട്ടുകാരും സംഘടിച്ചതോടെ സ്ഥലത്ത് വന്‍ പോലിസ് കാവലാണുള്ളത്. മേയര്‍ ഭവനിലേക്ക് പ്രദേശവാസികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
മലിനജല പ്ലാന്റ് നിര്‍മാണത്തിനെതിരായി നോര്‍ത്ത് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്റെ ഓഫിസിലേക്ക് സമരസമിതി രണ്ടുദിവസം മുമ്പ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മേയറും ജില്ലാ കലക്ടറും.