കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാ ആനുകൂല്യവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതായി എ.ഡി.എം സി. മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആര്‍.ടി.ഒ, വിദ്യാര്‍ത്ഥി, അധ്യാപക, കോളേജ്, ബസ് ഉടമാ പ്രതിനിധികള്‍ക്കായി നടത്തിയ യോഗത്തില്‍ യാത്രാ ആനുകൂല്യവുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍ അതാത് സ്ഥാപനങ്ങള്‍ ഒപ്പിട്ടു നല്‍കുന്ന പാസും അണ്‍ എയ്ഡഡ് മേഖലയില്‍ ബസ്സുടമകളുടെ ഭാരവാഹികളും വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രതിനിധികളും, ആര്‍.ടി.ഒയും ഉള്‍പ്പെടുന്ന കമ്മിറ്റി സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി അംഗീകാരമുള്ള കോഴ്സുകള്‍ക്കും അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്കുമാണ് പാസ് അനുവദിക്കുക. ഇതിനായി എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 2.30 ന് ജില്ലാ ആര്‍.ടി.ഒ ഓഫീസില്‍ പ്രതിനിധികളുടെ യോഗം ചേരുവാനും തീരുമാനമായി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് ആര്‍.ടി.ഒ പി.ആര്‍ സുമേഷ്, വടകര ആര്‍.ടി.ഒ സി.വി.എം. ഷെറീഫ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് എസ്.ഐ. അഷ്‌റഫ്, സിറ്റി ട്രാഫിക് പോലിസ് എ.വി. ബിജു, വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രതിനിധികള്‍, ബസ്സുടമ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു