കോഴിക്കോട്: സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് വനിതകള്‍ക്കായി നടത്തുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിച്ചു. വനിതാ വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ റോസക്കുട്ടി ടീച്ചര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടര്‍ വി.സി ബിന്ദു അധ്യക്ഷയായി. 10 കേന്ദ്രങ്ങളിലായി 18നും 55നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വനിതകള്‍ക്കും തൊഴില്‍ ഇല്ലാത്ത വനിതകള്‍ക്കും പരിപാടിയില്‍ മുന്‍ഗണന ലഭിക്കും.
മൂന്നു ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1500 രൂപ സ്റ്റൈപ്പന്റ് നല്‍കും. പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയം പര്യാപ്തത നേടുന്നതിനുള്ള സാഹചര്യം ഒരുക്കാനുമാണ് വനിതാ വികസന കോര്പ്പറേഷന് ലക്ഷ്യമിടുന്നത്. കനറാ ബാങ്കുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രന് പറശ്ശേരി, കനറാ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രേംലാല്‍ കേശവന്, വനിതാ വികസന കോര്പ്പറേഷന് മേഖല മാനേജര്‍ ഫൈസല്‍ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.