ലോക ഒളിമ്പിക് ദിനത്തില്‍ ‘മടപ്പള്ളി യുണൈറ്റഡി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ലോക ഒളിമ്പിക് ദിനത്തില്‍ ‘മടപ്പള്ളി യുണൈറ്റഡി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ലോക ഒളിമ്പിക് ദിനത്തില്‍ (ജൂണ്‍ 23) കേരളത്തിലെ പൊതുവിദ്യലയത്തിലെ കായികപ്രതിഭകള്‍ അഭിനയിച്ച മലയാളം സ്‌പോര്‍ട്‌സ് സിനിമയായ ‘മടപ്പള്ളി യുണൈറ്റഡി’ന്റെ ട്രെയിലര്‍ പുറത്തിറക്കി പ്രമുഖര്‍. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരം നേടിയിട്ടുള്ള സിനിമയുടെ ട്രെയിലര്‍ ഹിന്ദി, മലയാളം സിനിമാ-മാദ്ധ്യമരംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ ചേര്‍ന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയത്.
പ്രശസ്ത ചലച്ചിത്ര മാധ്യമപ്രവര്‍ത്തകന്‍ സുശാന്ത് മെഹ്ത, സ്പോര്‍ട്സ് യാരി ടീം, കാസ്റ്റിംഗ് ഡയറക്ടര്‍ ഷനീം സയീദ്, നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, സമീര്‍ സോണി, നടനും നിര്‍മാതാവുമായ സഞ്ജയ് സൂരി, ഗായകന്‍ മോഹന്‍ കണ്ണന്‍, നടന്‍ രാജേഷ് മാധവന്‍, സാമൂഹ്യപ്രവര്‍ത്തക കനിക ദേവന്‍, ഗായിക സിതാര കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ട്രെയിലര്‍ പുറത്തിറക്കിയ പ്രമുഖര്‍. https://www.youtube.com/watch?v=IZL7cuLrJOc എന്ന യൂട്യൂബ് ലിങ്ക് വഴി ട്രെയിലര്‍ കാണാം.

ജൂലൈയില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം കേരളം കൂടാതെ ഡല്‍ഹി, ഡെറാഡൂണ്‍, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒന്നിലധികം സ്‌ക്രീനിംഗ് വേദികളിലും പ്രദര്‍ശിപ്പിക്കും.അജയ് ഗോവിന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് മടപ്പള്ളി യുണൈറ്റഡ്. യു.എല്‍ ഫൗണ്ടേഷന്‍, കഥ ബുക്‌സ് തുടങ്ങിയ സാമൂഹികപ്രതിബദ്ധത സംരംഭങ്ങളും ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഉള്‍പ്പെടുന്നു.

കായികവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സമഗ്രവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, കഴിവ്, ലിംഗപദവി വൈവിദ്ധ്യം, കുട്ടികളുടെ കളിക്കാനുള്ള അവകാശം തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങളാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കെനിയ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്ട്‌സ് ഫിലിം ഫെസ്റ്റിവല്‍, ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റി, ഇറാനിലെ റോഷിദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ നിന്നായി ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

മടപ്പള്ളി സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളാണ് സിനിമയിലെ നവാഗതരായ അഭിനേതാക്കള്‍. തീരദേശത്തെ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ യു.എല്‍. ഫൗണ്ടേഷന്‍ നടപ്പാക്കിയ ‘മടപ്പള്ളി അക്കാദമിക് പ്രോഗ്രാം ഫോര്‍ ലേണിങ് ആന്‍ഡ് എംപവര്‍മെന്റ്’ (MAPLE) എന്ന പദ്ധതി വഴി വളര്‍ന്നുവന്ന വിദ്യാര്‍ഥികളാണ് സിനിമയ്ക്കു കരുത്തായത്. കാസ്റ്റിംഗ് ഡയറക്ടറായ രാജേഷ് മാധവന്‍ സ്‌കൂളില്‍ നടത്തിയ ഓഡിഷനിലൂടെയാണ് അഭിനേതാക്കളെ തെരഞ്ഞെടുത്തത്. ശ്രീകാന്ത് മുരളി, ദേശീയഅവാര്‍ഡ് ജേതാവായ സാവിത്രി ശ്രീധരന്‍, ജയപ്രകാശ് കുളൂര്‍, വിജിലേഷ് കാരയാട്, സിബി തോമസ് എന്നിവരും ഒരു പ്രധാന വേഷത്തില്‍ ഹരീഷ് പേരടിയും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ആനന്ദ് മധുസൂദനന്റേതാണ് സംഗീതം.

 

Share

Leave a Reply

Your email address will not be published. Required fields are marked *