കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ ആക്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് തുരത്തണമെന്ന ബി.ജെ.പി ആഹ്വാനം നടപ്പാക്കാന്‍ കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക് ശേഷിയില്ല, അതിനാല്‍ ആ ക്വട്ടേഷന്‍ സി.പി.എം ഏറ്റെടുത്തിരിക്കുകയാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.
കേരളത്തില്‍ സംഘപരിവാറുകാരുപോലും ചെയ്യാത്ത കാര്യമാണ് സി.പി.എം ചെയ്തത്. എം.പി ഓഫിസിനുള്ളില്‍ മഹാത്മാ ഗാന്ധിയുടെ പടമാണ് അടിച്ചുപൊട്ടിച്ചത്. അവിടെ വേറെ പലരുടെയും പടമുണ്ടായിരുന്നു. അതിലൊന്നും പ്രവര്‍ത്തകര്‍ തൊട്ടിട്ടില്ല. ഇത് കാണുമ്പോള്‍ ഗാന്ധി ഘാതകര്‍ക്ക് സന്തോഷമാണുണ്ടാകുക. എന്നിട്ട് സ്വര്‍ണക്കടത്ത് കേസില്‍ അവരുമായി സന്ധി ചെയ്യുകയും ചെയ്യുക. അതുവഴി അന്വേഷണം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരാണ് വില്ലന്‍. മുഖ്യമന്ത്രി അധ്യക്ഷനായി ഇരുന്ന മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനമാണ് ബഫര്‍ സോണ്‍ വിഷയം. എന്നിട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മുഖ്യമന്ത്രിയെടുത്ത തീരുമാനത്തിനെതിരേ സി.പി.എം ഇവിടെ ഹര്‍ത്താല്‍ നടത്തി. ബഫര്‍ സോണും എസ്.എഫ്.ഐയും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും വി.ഡി സതീശന്‍ ചോദിച്ചു.
രാഹുല്‍ ഗാന്ധിയെ മോദി സര്‍ക്കാര്‍ വേട്ടയാടുകയാണ്. ആ മോദി സര്‍ക്കാരിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.