കോഴിക്കോട്: ‘പുതുലഹരിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളേജുകളില്‍ നടത്തുന്ന ‘പുതുലഹരിക്ക് ഒരു വോട്ട്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന വോട്ടെടുപ്പിന്റെ ‘ബാലറ്റ് ഓണ്‍ വീല്‍സ്’ വാഹനം ജില്ലയില്‍ പ്രയാണമാരംഭിച്ചു. എരഞ്ഞിപ്പാലം സെന്റ്. സേവ്യേഴ്സ് കോളേജില്‍നിന്ന് ആരംഭിച്ച യാത്രയുടെ ഫ്ളാഗ് ഓഫ് കര്‍മം ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയും എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സഫാനും ചേര്‍ന്ന് നിര്‍വഹിച്ചു.
തുടര്‍ന്ന് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോണ്സണ് കൊച്ചുപറമ്പിലിന് കലക്ടര്‍ ദീപശിഖ കൈമാറി. ജില്ലയിലെ നാല് താലൂക്കുകളിലായി 13 നിയമസഭാ മണ്ഡലങ്ങളിലും, മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, തിരഞ്ഞെടുത്ത കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങി നൂറിലധികം കേന്ദ്രങ്ങളിലും വാഹനം ദീപശിഖയേന്തി സഞ്ചരിക്കും.
സെന്റ്. സേവ്യേഴ്സ് കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗീസ് മാത്യു സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി എം. അനന്തരൂപ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സെന്റ്. സേവ്യേഴ്സ് കോളേജിലേയും കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്കൂളിലേയും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സകിറ്റ്, ഫ്ളാഷ് മോബ് തുടങ്ങിയ പരിപാടികള്‍ നടന്നു.