ന്യൂഡല്‍ഹി: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തും. വ്യാഴാഴ്ച്ച വയനാട്ടിലെത്തുന്ന രാഹുല്‍ ജൂണ്‍ 30 ജൂലൈ 1, 2 എന്നീ തീയതികളില്‍ കേരളത്തിലുണ്ടാകും. രാഹുല്‍ഗാന്ധിക്ക് വന്‍ സ്വീകരണമൊരുക്കുമെന്ന് ഡി.സി.സി അറിയിച്ചു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനമെങ്ങും കനത്ത പ്രതിഷേധം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് മുന്നില്‍ വന്‍ പ്രതിഷേധമുണ്ടായി. സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
സി.പി.എം ജില്ലാ സെക്രട്ടറിയാണ് എം.പിയുടെ ഓഫിസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ്.എഫ്.ഐ പ്രവര്‍ത്തകരെ അയച്ചതെന്ന ആരോപണവുമായി ഡി.സി.സി അധ്യക്ഷന്‍ എന്‍.ഡി അപ്പച്ചന്‍ രംഗത്തുവന്നു. വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.