കോഴിക്കോട്: അധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ച് കര്‍മരംഗത്തിറങ്ങിയാല്‍ വിപ്ലവകരമായ മുന്നേറ്റം സാധ്യമാകുമെന്ന് തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐയില്‍ സംസ്ഥാനതല റാങ്ക് ജേതാക്കള്‍ക്കുള്ള അനുമോദനവും ട്രെയിനീസ് കൗണ്‍സിലിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാങ്ക് ജേതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്ന മന്ത്രി വിദ്യാര്‍ത്ഥികളുടെ പഠ്യേതര പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചു.
2021ല്‍ നടന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയവര്‍ക്കുള്ള മൊമന്റോ വിതരണം മന്ത്രി നിര്‍വഹിച്ചു. ഏഴ് ട്രേഡുകളിലായി എട്ട് പേരാണ് റാങ്ക് ജേതാക്കളായത്. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി.പി നിഖില്‍ അധ്യക്ഷത വഹിച്ചു. റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ സി. രവികുമാര്‍, നോര്‍ത്തേണ്‍ റീജിയന്‍ ട്രെയിനിങ് ഇന്‍സ്പെക്ടര്‍ ജോസ് വര്‍ഗീസ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഇ.ആര്‍ രഞ്ജിത്ത് കുമാര്‍, ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എം.എ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.