കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശൈശവ വിവാഹ നിരോധന നിയമം- 2006 മായി ബന്ധപ്പെട്ട് നടത്തിയ ഏകദിന പരിശീലന പരിപാടി ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. ശൈശവ വിവാഹം തടയാന്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു.
ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍ അവരുടെ പോഷകാഹാര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്കും, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്കുമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. നിയമവിരുദ്ധമായി ശൈശവ വിവാഹം നടക്കുകയും, റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്ന സാഹചര്യത്തിലാണ് ശൈശവ വിവാഹം കുട്ടിയിലുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍, കുട്ടികളുടെ വ്യക്തിഗത അവകാശങ്ങളുടെ ലംഘനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പരിശീലനം നടത്താന്‍ തീരുമാനമായത്.
ശൈശവ വിവാഹം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ശൈശവ വിവാഹം നടക്കാതിരിക്കുന്നതിനുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികളും വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നുണ്ട്. ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് ആന്‍ഡ് സെക്രട്ടറി എം.പി. ഷൈജല്‍, എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ. അയിഷ സബിന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. വെള്ളിമാടുകുന്ന് ഗവ. ഗേള്‍സ് ഹോം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി അധ്യക്ഷത വഹിച്ചു.
ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് ആന്‍ഡ് സെക്രട്ടറി എം.പി. ഷൈജല്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ എ. ഉമേഷ്, സി.ഡബ്ല്യു.സി ചെയര്‍മാന്‍ അഡ്വ. പി.എം. തോമസ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷറഫ് കാവില്‍, ജുവനൈല്‍ വിംഗ് സബ് ഇന്‍സ്‌പെക്ടര്‍ കെ. ശശികുമാര്‍, വനിതാ സംരക്ഷണ ഓഫീസര്‍ എ.കെ. ലിന്‍സി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ. ഷൈനി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ പി.പി. അനിത സ്വാഗതവും ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ടി.എം. സുനീഷ് കുമാര്‍ നന്ദിയും പറഞ്ഞു.